സർക്കാർ അതിജീവിതക്കൊപ്പം, പൊലീസിന് ഒരു കൈവിറയലും ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്‍റെ എല്ലാ ഘട്ടത്തിലും സർക്കാർ അതിജീവിതക്ക് ഒപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിസ്‌മയക്കും ഉത്രക്കും പെരുമ്പാവൂരിലെ ജിഷക്കും ലഭ്യമാക്കിയ നീതി, അതിജീവിതക്കും ഉറപ്പാക്കും. തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം വെണ്ണലയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാജയഭീതിയിലായ യു.ഡി.എഫ് വരുംനാളുകളിൽ ഇതേച്ചൊല്ലി കെട്ടുകഥകളും നുണപ്രചാരണവും നടത്തുമെന്നതിനാൽ കരുതിയിരിക്കണം. ഇടതുസർക്കാർ അധികാരത്തിൽ ഇല്ലായിരുന്നെങ്കിൽ കേസിലെ പ്രധാന പ്രതിയായ ഉന്നതൻ അറസ്റ്റിലാകുമായിരുന്നില്ല. കേസിന്‍റെ തുടക്കംമുതൽ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. എത്ര ഉന്നതനായാലും കുറ്റം ചെയ്‌താൽ രക്ഷയില്ലെന്ന് അറസ്‌റ്റും തുടർനടപടികളും തെളിയിച്ചു.
അക്കാര്യത്തിൽ പൊലീസിന് ഒരു കൈവിറയലും ഉണ്ടായില്ല. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വിചാരണക്ക് പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയെയും നൽകി. പബ്ലിക് പ്രോസിക്യൂട്ടർ ആര് വേണമെന്ന് നിർദേശിക്കാനും ആവശ്യപ്പെട്ടു. കേസിന്‍റെ അവസാനഘട്ടത്തിലാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുണ്ടായത്. അന്വേഷണസംഘത്തെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലിൽ തുടരന്വേഷണത്തിന് കോടതി അനുമതി നൽകി. അതനുസരിച്ച് കേസ് മുന്നോട്ടുപോകുകയാണ് -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.