സാലറി ചലഞ്ചിൽ പ്രതീക്ഷിച്ച പങ്കാളിത്തമില്ല: വിമർശനവുമായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സാലറി ചലഞ്ചിൽ പ്രതീക്ഷിച്ച പങ്കാളിത്തം ജീവനക്കാരിൽ നിന്നുണ്ടാകാത്തതിൽ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ അഭിപ്രായമായി ഇക്കാര്യം വിശദീകരിക്കാതെ ‘പ്രതീക്ഷിച്ച വിഹിതം കിട്ടിയില്ലെന്ന’ മാധ്യമവാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശങ്ങൾ.
വയനാട് ദുരന്തബാധിതരെ സഹായിക്കാനുള്ള ദൗത്യം സർക്കാർ വിഷയമല്ല. നാടിന്റെ പൊതുവെയുള്ള കാര്യമാണ്. സംഘടനകൾക്കും വ്യക്തികൾക്കും വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളുമുണ്ടാകും. ചില വിഷയങ്ങളിൽ എല്ലാവർക്കും ഒന്നിച്ച് അണിനിരക്കാൻ കഴിയണം. നാട്ടിലെ സാധാരണക്കാരും കുഞ്ഞുങ്ങളുമടക്കം തങ്ങളുടെ വിഹിതം കൈമാറാൻ സന്നദ്ധമായ നാട്ടിലാണ് സാലറി ചലഞ്ചിൽ ജീവനക്കാരിൽനിന്ന് പ്രതീക്ഷിച്ച പങ്കാളിത്തം ഉണ്ടായില്ലെന്ന വാർത്ത വരുംവിധത്തിൽ സാഹചര്യങ്ങളുണ്ടാകുന്നത്. ജീവനക്കാരുടെ മേൽ സാലറി ചലഞ്ച് അടിച്ചേൽപിക്കില്ലെന്ന സമീപനമാണ് സർക്കാർ തുടക്കം മുതലേ സ്വീകരിച്ചത്.
സംഘടന പ്രതിനിധികളുമായി അനൗദ്യോഗികമായി ആശയവിനിമയം നടത്തുകയും അഞ്ച് ദിവസത്തെ ശമ്പളം എന്ന ധാരണയിലെത്തുകയും ചെയ്തിരുന്നതാണ്. ഇതിനിടെ ഒരു സംഘടനയിലെ പ്രതിനിധികൾ തന്നെ കാണാൻ വന്ന് ശമ്പളം വിട്ടുനൽകുന്നതിലെ വിഷമം അറിയിച്ചു. സമൂഹത്തിന്റെ പ്രശ്നം വരുമ്പോൾ ചില്ലറക്കാശിന്റെ കാര്യം പറയരുതെന്നാണ് അവരോട് പറഞ്ഞത്. ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിന് അഞ്ച് ദിവസത്തെ ശമ്പളം എങ്ങനെ ഭാരമാകും. വ്യക്തികൾക്ക് ഭാരമാകുമെങ്കിലും സംഘടനക്ക് ഭാരമാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് വാര്ഷിക സമ്മേളനത്തിലായിരുന്നു പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.