സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ: മുഖ്യമന്ത്രി വിശദീകരണം തേടി
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോവാദി വേട്ടക്കെതിരെ ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് രണ്ട് സി.പി.എം പ്രവർ ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രി വിശദീകരണം തേടി. ഡി.ജി.പിയെ ഫോണിൽ വിളിച്ചാണ് പിണറായി വിജയൻ വിശദീകരണം ആവശ്യപ്പെട്ടത്.
കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി അലൻ ഷുഹൈബ്, പന്തീരാങ്കാവ് സ്വദേശി താഹ ഫസൽ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സി.പി.എം അനുഭാവികളും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സജീവ പ്രവർത്തകരുമാണ്. കണ്ണൂർ സർവകലാശാലയിൽ നിയമബിരുദ വിദ്യാർഥിയായ അലൻ, സി.പി.എം മീഞ്ചന്ത ബ്രാഞ്ച് അംഗമാണ്. മാധ്യമവിദ്യാർഥിയാണ് താഹ ഫസൽ.
യു.എ.പി.എ ചുമത്തുമ്പോൾ പൊലീസ് ജാഗ്രത പുലർത്തണം -സി.പി.എം ജില്ല സെക്രട്ടറി
പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത് പുനരാലോചിക്കണമെന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ ആവശ്യപ്പെട്ടു. യു.എ.പി.എ ചുമത്തുമ്പോൾ പൊലീസ് ജാഗ്രത പുലർത്തണം. മാവോയിസ്റ്റ് പ്രവർത്തനത്തെ ഒരു കാരണവശാലും അംഗീകരിക്കില്ല. അറസ്റ്റിലായവർ മാവോവാദി ബന്ധം പുലർത്തിയോ എന്ന് പാർട്ടി അന്വേഷിക്കുമെന്നും അത്തരക്കാർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സ്റ്റേറ്റാക്കാനുള്ള പിണറായി വിജയന്‍റെ നീക്കം -വെൽഫെയർ പാർട്ടി
ലഘുലേഖ കൈവശം വെച്ചതിന് രണ്ടു പേരെ അറസ്റ്റ് ചെയ്തത് കേരളത്തെ പൊലീസ് സ്റ്റേറ്റാക്കാനുള്ള പിണറായി വിജയന്‍റെ നീക്കമാണെന്ന് വെൽഫെയർ പാർട്ടി. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് അമിത് ഷായും മോദിയും പ്രാവർത്തികമാക്കിയ ഗുജറാത്ത് മോഡൽ ഫാഷിസമാണെന്നും വെൽഫെയർ പാർട്ടി വിമർശിച്ചു.
പ്രതിഷേധാർഹമെന്ന് എ.ഐ.വൈ.എഫ്.
യു.എ.പി.എ ചുമത്തി കോഴിക്കോട് രണ്ട് സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹമെന്ന് എ.ഐ.വൈ.എഫ് അറിയിച്ചു.
അട്ടപ്പാടി വനമേഖലയിൽ മാവോവാദികളെ കൊലപ്പെടുത്തിയ സംഭവത്തിലും എ.ഐ.വൈ.എഫ് പ്രതിഷേധിച്ചു. പേ പിടിച്ച രീതിയിലാണ് കേരള പൊലീസിന്‍റെ നടപടികളെന്ന് എ.ഐ.വൈ.എഫ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.