കേരളത്തെ സംബന്ധിച്ച് അസാധ്യം എന്ന വാക്കില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തോടെ കേരളത്തെ സംബന്ധിച്ച് അസാധ്യം എന്ന വാക്കില്ല എന്നാണ് തെളിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിനെ ഫ്ലാഗ് ഓഫ് നൽകി സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇതുപോലെയുള്ള എട്ടു കപ്പലുകൾ കൂടി ഇനിയുള്ള ദിവസങ്ങളിൽ ഇങ്ങോട്ട് വരികയാണെന്നാണും അഞ്ചോ ആറോ മാസം കൊണ്ട് പദ്ധതി പൂർണമായും കമ്മീഷൻ ചെയ്യാനാകുമെന്നും അദാനി പോർട്ട് അധികൃതർ പറഞ്ഞു. സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതിന്‍റെ ഏറ്റവും അടുത്ത നിമിഷത്തിലാണ് നമ്മൾ നിൽക്കുന്നത്. അതാണ് ഈ വലിയ കപ്പൽ എത്തിയതിന്‍റെ അർത്ഥം. ഏത് പ്രതിസന്ധിയെയും അത് എത്ര വലുതായാലും അതിജീവിക്കും എന്ന് നാം നമ്മുടെ ഒരുമയിലൂടെയും ഐക്യത്തിലൂടെയും തെളിയിച്ചിട്ടുള്ളതാണ് -മുഖ്യമന്ത്രി പറഞ്ഞു.
ഇതുപൊലൊരു പോർട്ട് ലോകത്ത് അപൂർവമാണ്. അത്രമാത്രം വികസന സാധ്യതയാണ് ഈ പോർട്ടിന്‍റെ ഭാഗമായി ഉള്ളത്. ഈ പോർട്ടിന്‍റെ സാന്നിധ്യത്തിലൂടെ വരാൻ പോകുന്ന വികസനം നമ്മുടെ ഭാവനകൾക്ക് അപ്പുറമുള്ളതായിരിക്കും. അതിന് ഉതകുന്ന സമീപനം നാം എല്ലാവരും സ്വീകരിക്കണമെന്ന് മാത്രമേയുള്ളൂ -മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖത്തിന് ആവശ്യമായ മൂന്ന് ക്രെയിനുകളുമായാണ് ഇന്ന് ആദ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടത്. ഗുജറാത്തിലെ മുന്ദ്ര തീരത്തുനിന്ന് എത്തിയ ഷെൻഹുവ 15 കപ്പലിനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്താണ് സ്വീകരിച്ചത്. വാട്ടർ സല്യൂട്ട് നല്‍കിയാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.