''കൂടുതൽ സീറ്റു നേടി എൽ.ഡി.എഫ് തിരിച്ചുവരും, ശബരിമലയിൽ ഇപ്പോൾ യാതൊരു പ്രശ്നവുമില്ല''
text_fieldsപട്ടാമ്പി: എൽ.ഡി.എഫ് നിലവിലുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടാമ്പിയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ കോൺഗ്രസ്സും ലീഗും ബി.ജെ.പിയും ശ്രമിച്ചുവരുകയാണ്. സ്ഥാനാർഥി നിർണയം മുതൽ കോൺഗ്രസ്-ലീഗ്-ബി.ജെ.പി ധാരണയാണ്. ബി.ജെ.പി വോട്ടുകൾ കിട്ടിയതായി ഒരു കോൺഗ്രസ്സ് സ്ഥാനാർഥി തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. അതാരാണെന്ന് ഞാൻ പറയുന്നില്ല. കൂട്ടായ്മ ബി.ജെ.പിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് ഒ. രാജഗോപാലും പറഞ്ഞിട്ടുണ്ട്. നേതൃതലത്തിലാണ് ആലോചന നടന്നത്. അതേ തന്ത്രം ഈ തെരഞ്ഞടുപ്പിലും തുടരാനാണ് ശ്രമം. അതിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽ.ഡി.എഫിന് ഒരു വർഗീയശക്തികളുടെയും പിന്തുണ ആവശ്യമില്ല. ശബരിമലയിൽ ഇപ്പോൾ യാതൊരു പ്രശ്നവുമില്ല. എല്ലാം പതിവുപോലെ നടക്കുന്നു. പ്രശ്നങ്ങളുണ്ടാവുക കോടതി വിധി വരുമ്പോഴാണ്. അപ്പോൾ എല്ലാവരുമായും ചർച്ച ചെയ്തു നടപ്പാക്കും. ഇക്കാര്യം ഇപ്പോൾ പറയുന്നതല്ല, നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. വർഗീയതക്കെതിരെ ഉറച്ച നിലപാടുള്ള മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്ന ബദൽ നയമാണ് എൽ.ഡി.എഫ് സർക്കാർ മുന്നോട്ടു വെക്കുന്നത്. രാജ്യത്താകെ ഇതിനായി നിലനിൽക്കുന്ന ഒരേയൊരു സർക്കാറെയുള്ളൂ, അത് കേരളത്തിലാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുമ്പോൾ അതിനെതിരെ കോൺഗ്രസിന് ശബ്ദിക്കാൻ കഴിയുന്നില്ല. ബി.ജെ.പിയാണ് നടപ്പാക്കുന്നതെങ്കിലും കോൺഗ്രസാണ് ഈ നയ൦ കൊണ്ടുവന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുത്തപ്പോൾ പിന്താങ്ങുകയാണ് കോൺഗ്രസിെൻറ ലോക്സഭാംഗം ചെയ്തത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.