മുഖ്യമന്ത്രിയുടെ ശൈലി മാറ്റണം; കണ്ണൂർ ജില്ല കമ്മിറ്റിയിൽ രൂക്ഷവിമർശനം
text_fieldsകണ്ണൂർ: തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്ന് പിണറായി വിജയനെ പേരെടുത്തു പറഞ്ഞായിരുന്നു വിമർശനം. പിണറായി വിഭാഗക്കാരായ നേതാക്കളടക്കം സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ചു.
തെരഞ്ഞെടുപ്പു ഫലം ചർച്ചചെയ്യാനായി ശനി, ഞായർ ദിവസങ്ങളിലാണ് കമ്മിറ്റി ചേർന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. പാർട്ടിയുടെ കോട്ടയായ കണ്ണൂരിൽ മുമ്പെങ്ങുമില്ലാത്ത തരത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനമുണ്ടാകുന്നത്. നേതാക്കളുടെ പ്രതികരണങ്ങളും ഇടപെടലുകളും ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണമായി.
നവകേരള സദസ്സ് തിരിച്ചടിയായി. നവകേരള ബസിനെ പഴയങ്ങാടിയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൂച്ചട്ടികൊണ്ടും ഹെൽമറ്റുകൊണ്ടും നേരിട്ടത് വലിയ വാർത്തയായി. ഈ സംഭവത്തെ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കി. സമൂഹമാധ്യമങ്ങളിലടക്കം ഇതുസംബന്ധിച്ച ചർച്ചകൾ സർക്കാറിനും പാർട്ടിക്കും തിരിച്ചടിയായി. പാർട്ടി അണികളിൽ പോലും ഈ വിഷയത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ വലതുപക്ഷ മാധ്യമങ്ങൾക്ക് കഴിഞ്ഞു.
മൈക്ക് വിവാദവും തിരിച്ചടിയായി. മൈക്ക് പണിമുടക്കിയ സംഭവങ്ങളിൽ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും ഇടപെട്ട രീതി വിമർശിക്കപ്പെട്ടു. ഏകാധിപത്യ രീതിയിലുള്ള പ്രവണതകൾ തിരുത്തിക്കാൻ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു.
പൊതുസമൂഹം ഇത്തരം കാര്യങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന ജാഗ്രത നേതാക്കൾക്കുണ്ടായില്ല. ഒന്നാം പിണറായി സർക്കാറിന്റെ നിഴൽ മാത്രമായി രണ്ടാം സർക്കാർ മാറി. മുൻഗണന വിഷയങ്ങളിൽ ഇടപെടുന്നതിൽ വീഴ്ചയുണ്ടായി. സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിയില്ല.
കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജൻ തെരഞ്ഞെടുപ്പു ദിവസമടക്കം നടത്തിയ പ്രതികരണങ്ങൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കി. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് പോളിങ് ദിവസം രാവിലെ ഇ.പി. ജയരാജൻ പാപ്പിനിശ്ശേരിയിലെ ബൂത്തിനു മുന്നിൽ വെളിപ്പെടുത്തിയത് തിരിച്ചടിയായി. തെരഞ്ഞെടുപ്പു ദിവസം മുഴുവൻ ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടു.
ബി.ജെപി.ക്ക് വോട്ട് വർധിച്ചത് യോഗം ചർച്ചചെയ്തു. താമര ചിഹ്നത്തിൽ വോട്ടു ചെയ്യാൻ പോലും മടിയില്ലാത്തവരായി പാർട്ടി അനുഭാവികളും അംഗങ്ങളും മാറിയതായും വിമർശനമുണ്ടായി. തിരുത്തൽ നടപടി താഴെത്തലം മുതൽ നടത്തണമെന്ന് യോഗം ചർച്ച ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ജില്ല കമ്മിറ്റിയിൽ ചർച്ച നടന്നത്. ഇതിൽ ഉയർന്ന വിമർശനങ്ങൾകൂടി ചേർത്ത് മേഖലതലങ്ങളിൽ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.