കേന്ദ്രത്തോട് ‘സഹാനുഭൂതി’യോടെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രളയദുരന്തം നേരിടാൻ ആവശ്യമുള്ള തുക മുഴുവന്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാറിന് സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യപ്പെട്ടത് നഷ്ടപരിഹാരമല്ല, പ്രത്യേക പാക്കേജാണ്. അതിന് പരിമിതിയുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഏറെ സഹാനുഭൂതിയോടെയാണ് പ്രതികരിച്ചത്. കേന്ദ്രസഹായത്തിെൻറ കാര്യത്തില്‍ മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിച്ച സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കാൻ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിഭവസമാഹരണം നാംതന്നെ നടത്തണം. അന്താരാഷ്ട്ര ഏജന്‍സികളുടെയടക്കം സഹായംതേടി മുന്നോട്ടുപോകും. ആപത്ഘട്ടത്തില്‍ സഹായിക്കുന്നവരോട് സഹായം ആവശ്യമിെല്ലന്ന നിലപാട് ആരും സ്വീകരിക്കില്ല. അതിജീവനം സാധ്യമാകാന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിപ്പിടിച്ച ഒരുമയുടെ സംസ്കാരം കൈവിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 14 ലക്ഷത്തിലേറെപ്പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടാവുകയെന്നത് അമ്പരപ്പുളവാക്കുന്നതാണ്. എങ്കിലും വില്ലേജ് അസിസ്റ്റൻറ് മുതല്‍ ചീഫ് സെക്രട്ടറി വരെ നല്ല ഏകോപനമുണ്ടായി. വിവാദങ്ങളുയര്‍ന്നുവെങ്കിലും അവയ്ക്കുപിന്നാലെ പോകാന്‍ നാം തയാറായില്ല. കൃത്യമായ വിവരശേഖരണത്തിന് കാലതാമസം ഉണ്ടാകരുത്. തകര്‍ന്നവയുടെ കണക്ക് കൃത്യമായിരിക്കണം.
പ്രളയ സമയത്ത് സെക്രട്ടേറിയറ്റിലെ കണ്ട്രോള് റൂം ‘വാര് റൂം’ പോലെ 24 മണിക്കൂറും പ്രവര്‍ത്തിച്ചു. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരാണ് നേതൃത്വം ഏറ്റെടുത്തത്.
മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയുമൊക്കെ ദുരന്തസ്ഥലങ്ങളില്‍ സമയത്തെത്തിക്കാനും ഉദ്യോഗസ്ഥര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഈ കൂട്ടായ്മ തുടരണം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിെൻറ കരുത്താണ് എല്ലാ വിജയങ്ങളുടേയും അടിസ്ഥാനമായതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. പതിനായിരത്തിലേറെ വീടുകള്‍ നിർമിച്ചുനല്‍കുകയും മറ്റ് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, കലക്ടര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.