ജമാഅത്ത് പിന്തുണ: മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നു -പി. മുജീബ്റഹ്മാൻ
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണ തേടിയിട്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് സ്ഥലജലഭ്രമം സംഭവിച്ചിരിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സി.പി.എം തേടിയിട്ടില്ലെന്നും സംഘടനയുടെ സ്വതന്ത്ര സ്വഭാവം നിലനിർത്തുന്നതിന് ഒന്നോ രണ്ടോ മണ്ഡലങ്ങളിൽ പിന്തുണച്ചിട്ടുണ്ടാകാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രിയങ്ക ഗാന്ധിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചശേഷം എന്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെ കോൺഗ്രസ് തള്ളിപ്പറയാത്തതെന്നും പിണറായി ചോദിച്ചിരുന്നു.
വ്യക്തികളെയും മുന്നണികളെയും ജമാഅത്തെ ഇസ്ലാമി പിന്തുച്ചിട്ടുണ്ട്. ഒരു ഘട്ടത്തിലും ആർക്കും പിന്തുണ പതിച്ചു നൽകിയിട്ടില്ല. അത്തരം സന്ദർഭങ്ങളിലെ ചർച്ചകളിലും ധാരണകളിലും പലപ്പോഴായി സി.പി.എമ്മിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത പാർട്ടി ഭാരവാഹിയാണ് പിണറായി വിജയൻ. പിന്തുണയെക്കുറിച്ച് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞതിന്റെ തെളിവുകളുണ്ട്. സഭാരേഖകളും തെളിവാണ്.
1996, 2004 ലോക്സഭ തെരഞ്ഞെടുപ്പ്, 2006 നിയമസഭ, 2009 ലെ ലോക്സഭ തെരഞ്ഞെടുപ്പ്, 2011ലെ നിയമസഭ തെരഞ്ഞെടുപ്പ്, 2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയിലെല്ലാം ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ, രാഷ്ട്രീയ കാരണങ്ങളാൽ 2019ൽ കോൺഗ്രസിനെയാണ് പിന്തുണച്ചത്. 2024ൽ സി.പി.എമ്മിന്റെ മൂന്ന് എം.പിമാർ ജമാഅത്തെ ഇസ്ലാമിയുടെകൂടി വോട്ടുവാങ്ങി എം.പിമാരായവരാണ്.
ജമാഅത്തെ ഇസ്ലാമി ഭീകര പ്രസ്ഥാനമാകുന്നത് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷമാണോയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. മത്തായി ചാക്കോയുടെ മരണത്തെത്തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ ജോർജ് എം. തോമസിനുള്ള പിന്തുണ ജമാഅത്തെ ഇസ്ലാമി അമീർ ടി. ആരിഫലി പ്രഖ്യാപിച്ചത് പൊതുസമ്മേളനം വിളിച്ചാണ്. അന്നൊന്നും ഭീകരതയെക്കുറിച്ച് പറഞ്ഞില്ല. കേരളത്തിൽ ബി.ജെ.പി അധികാരത്തിലോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലോ വിജയിക്കാൻ പാടില്ലെന്ന ദേശീയ അനുഭവംവെച്ചാണ് ന്യൂനപക്ഷം ഒന്നടങ്കം പാലക്കാട് ബി.ജെ.പിക്കെതിരെ വോട്ടുചെയ്തത്. -പി. മുജീബ്റഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.