സവര്‍ക്കറെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ സംഘപരിവാര്‍ രണ്ടാമതും കൊലപ്പെടുത്തുന്നു -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ജനങ്ങളെ ഏകോപിപ്പിക്കുന്നതിനേക്കാള്‍ എത്രകണ്ട് ഭിന്നിപ്പിക്കാം എന്നാണ് കേന്ദ്രഭരണകൂടവും അതിന്റെ വക്താക്കളും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സവര്‍ക്കറെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാര്‍ എന്നും അദ്ദേഹം പറഞ്ഞു. ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറുപത്തി മൂന്നാം സംസ്ഥാന സമ്മേളനം മഹാത്മാ അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചരിത്രം വളച്ചൊടിക്കുന്നതും കൃത്രിമമായി ചരിത്രം സൃഷ്ടിക്കുന്നതും അതിന്റെ ഭാഗമായാണ്. സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിര്‍ദ്ദേശിച്ചിട്ടാണ് എന്നാണ് പുതിയ കഥ. എന്നാല്‍ നീണ്ട ജയില്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ല. നിരവധികാലം ജയിലില്‍ കിടന്ന എ.കെ.ജി മാപ്പഴുതിക്കൊടുത്ത് പുറത്തുവന്നില്ല. ശാസ്‌ത്ര ചിന്തയ്‌ക്കു പകരം അന്ധവിശ്വാസവും വ്യാജ ചരിത്രവും കേന്ദ്ര സര്‍ക്കാര്‍ തന്നെ പ്രചരിപ്പിക്കുന്ന ഈ ഘട്ടത്തില്‍ ഒരു അക്കാദമിക് സമൂഹം എന്ന നിലയില്‍ ശരിയായ കാര്യങ്ങളെ തുറന്നു കാണിക്കാന്‍ അധ്യാപക സംഘടനയ്ക്ക് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യപ്രഭാഷണം നടത്തി.
വാക്‌സിന്‍ ചലഞ്ചിലേയ്ക്ക് അധ്യാപകരുടെ സംഭാവനയായ 4.29 കോടി രൂപയുടെ സമ്മതപത്രം സമ്മേളനത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എ.ജി. ഒലീന മന്ത്രിയ്ക്ക് കൈമാറി. സംഘടനയുടെ വെബ്‌സൈറ്റിന്റെ പ്രകാശനവും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തിയ സാഹിത്യമത്സര വിജയികള്‍ക്കുള്ള സമ്മാദാനവും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ് ജോജി അലക്‌സ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.