വിൽക്കാനുണ്ട് ‘നവകേരള സ്വപ്നങ്ങൾ’; ഭരണത്തുടർച്ചക്ക് പിണറായി
text_fieldsസി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിന ചർച്ചയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തിയപ്പോൾ
- അനസ് മുഹമ്മദ്
കൊല്ലം: ചരിത്രത്തിലാദ്യമായി തുടർഭരണം നേടിയ മുഖ്യമന്ത്രിയെന്ന പെരുമയിൽനിന്ന് മൂന്നാം തുടർഭരണത്തിലൂടെ ‘ഇതിഹാസ’മായി ഉയരുകയാണ് പിണറായി വിജയന്റെ സ്വപ്നം. കേരള രാഷ്ട്രീയത്തിൽ നാളിതുവരെ ആർക്കും എത്തിപ്പിടിക്കാനായിട്ടില്ലാത്ത ആ നേട്ടത്തിലേക്ക് വഴിയൊരുക്കാൻ അദ്ദേഹം സ്വപ്നങ്ങൾ വാരിയെറിയുകയാണ്. കൊല്ലം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ രേഖ പാർട്ടിയെയും ജനങ്ങളെയും തുടർന്നും പാട്ടിലാക്കാനുള്ള തുറുപ്പുശീട്ടാണ്.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ വമ്പൻ തോൽവിയാണ് സി.പി.എം കേരളത്തിൽ ഏറ്റുവാങ്ങിയത്. നൂറിലേറെ നിയമസഭാ മണ്ഡലങ്ങളിൽ പിന്നിലായിരുന്നു ഇടതുമുന്നണി. അന്ന് പാർട്ടി കമ്മിറ്റികളിൽ പിണറായി വിജയനും ഭരണവും നേരിട്ട് വിമർശിക്കപ്പെട്ടു. പിണറായി പാർട്ടിയിൽ പിടിമുറുക്കിയ കാൽനൂറ്റാണ്ടിനിടെയുള്ള ഏറ്റവും കടുത്ത ആക്രമണമെന്നുവരെ അത് വിശേഷിപ്പിക്കപ്പെട്ടു. മാസങ്ങൾക്കിപ്പുറം കൊല്ലം സമ്മേളനവേദിയിൽ കാര്യങ്ങൾ നേർവിപരീതമാണ്. പിണറായിക്കുനേരെ ചോദ്യങ്ങളില്ല. മാത്രമല്ല, പിണറായി പറയുന്നിടത്താണ് കാര്യങ്ങൾ.
ഇതെങ്ങനെ സാധിച്ചെടുത്തുവെന്നതിനുള്ള ഉത്തരമാണ് പിണറായി മുന്നോട്ടുവെച്ച നവകേരള സ്വപ്നങ്ങൾ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ചേർന്നെഴുതിയതാണ് പുതുവഴിരേഖ. 41 പേജുകളുള്ള ഈ രേഖയിലെ കാര്യങ്ങൾ നടപ്പാകുന്നപക്ഷം കേരളം ഇന്നത്തെ കേരളമായിരിക്കില്ലെന്നുറപ്പ്.
ഏതു മലയാളിയും കൊതിക്കുന്ന ആ നാളുകളെക്കുറിച്ചുള്ള സ്വപ്നം പൊതുജനങ്ങളിൽ പ്രതിഷ്ഠിച്ച് പാർട്ടിക്കൊപ്പം നിർത്താനാകുമെന്നാണ് പിണറായി കണക്കുകൂട്ടുന്നത്. മൂന്നാം തുടർഭരണം പിടിക്കാൻ മറ്റൊരു പ്രതീക്ഷ മുന്നിലില്ലാത്ത പാർട്ടിക്ക് പിണറായിയുടെ പിന്നിൽ നിൽക്കുകയേ വഴിയുള്ളൂ.
പിണറായിക്ക് മുന്നിൽ പാർട്ടിയുടെ വിധേയപ്പെടൽ കൊല്ലം സമ്മേളനത്തിൽ പകൽപോലെ വ്യക്തമാണ്. സമ്മേളനത്തിലെ പ്രധാന രേഖയായ പ്രവർത്തന റിപ്പോർട്ടിനെക്കാൾ പ്രധാന്യമാണ് പിണറായിയുടെ പുതുവഴി രേഖക്ക് ലഭിച്ചത്.
ഇങ്ങനെയൊരു രേഖ വരുന്നുവെന്ന് പെരുമ്പറ കൊട്ടിയതും അത് വലിയ മാറ്റങ്ങളുണ്ടാക്കാൻ പോകുന്നുവെന്ന് പറഞ്ഞതും പാർട്ടി സെക്രട്ടറിയടക്കമുള്ള മുതിർന്ന നേതാക്കളാണ്. ലോക്സഭാ തോൽവിയിൽ പാർട്ടിയിൽ പ്രതിക്കൂട്ടിലായ പിണറായി നവകേരള പുതുവഴി രേഖയിലൂടെ വീണ്ടും പാർട്ടിക്കാരുടെ ‘ക്യാപ്റ്റനാ’യി മാറുന്നതാണ് കൊല്ലത്ത് കാണുന്നത്.
വീണ്ടും നയിക്കണമെങ്കിൽ 79കാരനായ പിണറായിക്ക് പാർട്ടിയിൽനിന്ന് രണ്ടു പ്രധാന ഇളവ് നേടണം. 75 വയസ്സ് പ്രായപരിധി, തുടർച്ചയായി രണ്ടുതവണ മത്സരിച്ച് ജയിച്ചവർ വീണ്ടും മത്സരിക്കേണ്ടതില്ല എന്നീ ഇളവുകൾ ഇന്നത്തെ സാഹചര്യത്തിൽ പിണറായിക്ക് ഉറപ്പാണ്. ആ നിലയിൽ ഇതുവരെ പിണറായിയുടെ കരുനീക്കങ്ങൾ കൃത്യമാണ്. പാർട്ടിക്ക് മുന്നിൽവെച്ച മൂന്നാം തുടർഭരണ സ്വപ്നം നേതൃത്വം കണ്ണടച്ച് ഏറ്റെടുത്തുകഴിഞ്ഞു. പിണറായിയുടെ പുതുവഴിരേഖ മുന്നോട്ടുവെക്കുന്ന നവകേരള സ്വപ്നം പൊതുജനം ഏറ്റെടുക്കുമോയെന്നത് കണ്ടറിയണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.