പിണറായി ഇനിയും ഭരിക്കും; കമ്യൂണിസ്റ്റ് വിരുദ്ധത അവിടെ നിൽക്കുകയേ ഉള്ളൂ -എ. വിജയരാഘവൻ
text_fieldsനിലമ്പൂർ: മാധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധത കാണിക്കുകയാണെന്നും കേരളത്തിൽ ഇനിയും പിണറായി വിജയൻ ഭരിക്കുമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. ആരോപണങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മാധ്യമങ്ങൾക്ക് മതിയാകുന്നില്ല. പി. ശശിക്കെതിരെ ആരോപണങ്ങൾ മാത്രമാണ്. കൃത്യമായ തെളിവോടെയുള്ള ഒരു പരാതി പോലുമില്ല. എന്നാൽ മാധ്യമങ്ങൾ കടന്നാക്രമിക്കുകയാണ്. റോഡിൽ കുഴിയുണ്ടായാലും കുറ്റം മുഖ്യമന്ത്രിക്കാണ്. വിമർശനങ്ങൾ സ്വാഗതാർഹമാണെന്നും എന്നാൽ ന്യായമായ വിമർശനമായിരിക്കണമെന്നും വിജയരാഘവൻ പറഞ്ഞു. നിലമ്പൂരില്‍ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ന് ആരോപണമുന്നയിച്ചാൽ നാളെ രാവിലത്തേക്ക് നടപടി എടുക്കാനാകുമോ? എ.ഡി.ജി.പിക്കെതിരെ റിപ്പോർട്ട് കിട്ടിയതിനു പിന്നാലെ നടപടി എടുത്തില്ലെന്ന് പറഞ്ഞ് മാധ്യമങ്ങൾ വാർത്ത നൽകി. എന്നാൽ അത് വായിച്ചു നോക്കാനുള്ള സമയം തരണ്ടേ. ഒരു ആശുപത്രിയിൽ കറണ്ട് പോയെന്നു പറഞ്ഞ് എന്തൊരു ബഹളമായിരുന്നു. എന്തൊരു കമ്യൂണിസ്റ്റ് വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും 16 മണിക്കൂറാണ് കറണ്ട് കട്ട്. ദേശീയപാതയുടെ പണി അതിവേഗത്തിൽ നടക്കുമ്പോഴും മഴയിൽ കുഴി വന്ന ഒരു റോഡ് കാണിച്ച് കേരളത്തിലെ റോഡുകളുടെ അവസ്ഥ ഇതാണെന്ന് പ്രചരിപ്പിക്കുന്നു.
കമ്യൂണിസ്റ്റ് വിരോധം മൂത്തിട്ട് പിണറായിയെ കാണുമ്പോൾ മാധ്യമ മുതലാളിമാർക്ക് കിലുക്കം ഉണ്ടാവും. അതവിടെ കിലുങ്ങി നിൽക്കുകയേ ഉള്ളൂ. ഇനിയും ഭരിക്കും കേരളത്തിൽ പിണറായി. ഇങ്ങനെയാണോ മുന്നോട്ടുപോകണ്ടത്? വിമർശനം ജനാധിപത്യത്തിന്‍റെ ഭാഗമാണ്. ഞങ്ങളെ നന്നായി വിമർശിച്ചോളൂ. പക്ഷേ നിങ്ങൾക്ക് പരിക്കുണ്ടാകുന്ന രീതിയിൽ വേണ്ട. നല്ല വിമർശനം രാഷ്ട്രീയ എതിരാളികൾ ചെയ്യണം. എന്നാൽ ഇടതുപക്ഷത്തെ തകർക്കാനായി തെറ്റുകളും കളവുകളും പ്രചരിപ്പിക്കുകയാണ്.
ഞങ്ങൾ സത്യത്തിന്‍റെ ഭാഗത്താണ്. പി. ശശിക്കെതിരെ വ്യക്തമായ ഒരു പരാതിയും ഇന്നുവരെ ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥർക്കെതിരെ നിയമപ്രകാരം മാത്രമേ നടപടി സ്വീകരിക്കാനാവൂ. അത് മനസ്സിലാക്കാതെ നടപടി ഉടനെ വേണമെന്ന് പറയുന്നത് ശരിയല്ല. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥരുടെ ആവശ്യമില്ല. ജനങ്ങളാണ് ഈ പാർട്ടിയുടെ ശക്തി. വ്യക്തമായ നയ സമീപനത്തോടെയാണ് പാർട്ടി പ്രവർത്തിക്കുന്നത്” -വിജയരാഘവന്‍ പറഞ്ഞു.
മുഖ്യമന്ത്രി മലപ്പുറം ജില്ലയെ കുറിച്ച് പറഞ്ഞത് ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു. എന്നാല്‍ ജനങ്ങള്‍ക്ക് സത്യങ്ങള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല രൂപീകരിച്ചത് ഇ.എം.എസ് സര്‍ക്കാരെന്ന് ആര്‍ക്കാണ് അറിയാത്തത്. മതനിരപേക്ഷ നാടിനെ വര്‍ഗീയ കണ്ണിലൂടെ കാണരുത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍ക്ക് മുന്നിലും കീഴടങ്ങില്ല. ഒരു വര്‍ഗീയവാദിക്കും ഇവിടെ സംഘര്‍ഷമുണ്ടാക്കാന്‍ സാധിക്കില്ല. വര്‍ഗീയ ശക്തികളും കമ്യൂണിസ്റ്റ് വിരുദ്ധരും മാധ്യമങ്ങളും ചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും കേരളത്തില്‍ തുടര്‍ഭരണമുണ്ടായി. കോവിഡിന് മുമ്പില്‍ വലതുപക്ഷ രാജ്യങ്ങള്‍ വീണു, കേരളം മാത്രം നിന്നു. അത് നാം മറക്കരുത്.
രാജ്യത്ത് ക്രമസമാധാനം ഏറ്റവും നല്ല നിലയിലുള്ളത് കേരളത്തിലാണ്. കേരളത്തിലെ പൊലീസ് മികച്ചതെന്ന് വീണ്ടും തെളിയിച്ചു. തൃശൂര്‍ എ.ടി.എം കവര്‍ച്ചക്കാരേയും എം.ടിയുടെ വീട്ടിലെ മോഷ്ടാക്കളേയും വേഗം പൊലീസ് പിടികൂടി. പി.വി. അന്‍വര്‍ വലിയ അണക്കെട്ട് കെട്ടിയ ആളെന്ന് മാധ്യമങ്ങള്‍ തന്നെ പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഏറ്റവും വലിയ കള്ളന്‍ അന്‍വറായിരുന്നു. ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മഹാന്‍ അന്‍വറായി. ഇപ്പോള്‍ മാധ്യമ സുഹൃത്തുക്കള്‍ രാവിലെ മുതല്‍ അന്‍വറിന്റെ വീട്ടിലാണ്.
സര്‍ക്കാരിനെതിരെ മോശം പറയാന്‍ മാധ്യമ പ്രവര്‍ത്തകരെ ശമ്പളം കൊടുത്തു നിര്‍ത്തിയിട്ടുണ്ട്. അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ മാധ്യമങ്ങള്‍ നല്‍കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍ക്കു മുന്നിലും കീഴടങ്ങില്ല. ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആളെ കിട്ടിയതിന്റെ ആഘോഷം ആണ് നടക്കുന്നത്. ഇതെല്ലാം ആളുകള്‍ക്ക് മനസിലാകും. കള്ളക്കടത്തും ഹവാലയും പോലുള്ള എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനവും വേണമെന്ന് ചിന്തിക്കുന്നവരുണ്ട്. അവരുടെ കൈയ്യടി പാര്‍ട്ടിക്ക് വേണ്ട. അന്‍വറിന് അതാണ് വേണ്ടത് -വിജയരാഘവന്‍ പറഞ്ഞു.
വ്യാജ വാര്‍ത്തയിൽ നിയമനടപടിയുമായി എം.വി. ജയരാജന്‍
കണ്ണൂര്‍: സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി വ്യാജ വാര്‍ത്ത നല്‍കിയതിനെതിരെ കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ റിപ്പോര്‍ട്ടര്‍ ടി.വിക്കും മനോരമ ന്യൂസിനുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ഹിന്ദു പത്രത്തിലെ അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ സംസ്ഥാന കമ്മിറ്റിയില്‍ ജയരാജന്‍ ചോദ്യം ചെയ്തെന്ന വാർത്തക്കെതിരെയാണ് നടപടി. റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനി, കമ്പനി ചെയര്മാന് റോജി അഗസ്റ്റിന്, മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്, കണ്‍സല്‍ട്ടന്റ് എഡിറ്റര്‍ അരുണ്‍കുമാര്‍, സ്മൃതി പരുത്തിക്കാട്, ആര്. ശ്രീജിത് എന്നിവർക്കെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചത്. അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് അഡ്വ. വിനോദ് കുമാര്‍ ചമ്പോളന്‍ മുഖേന അയച്ച നോട്ടീസില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.