'മകളെ പറ്റി പറഞ്ഞാല്‍ കിടുങ്ങിപ്പോകുമെന്നാണോ, വീട്ടിലിരിക്കുന്നവരെ ആക്ഷേപിക്കരുത്' മാത്യു കുഴൽനാടനോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന് കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടനോട് സഭയില്‍ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റില്‍ പി.ഡബ്ല്യു.സി. ഡയറക്ടറായിരുന്ന ജേക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നുവെന്ന് കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുമ്പോഴാണ് മുഖ്യമന്ത്രി രോഷാകുലനായത്. മകളെ പറ്റി പറഞ്ഞാല്‍ കിടുങ്ങിപ്പോകില്ലെന്നും വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
''മാത്യു കുഴല്‍നാടന്റെ വിചാരം എങ്ങനെയും തട്ടിക്കളിയാമെന്നാണ്. അതിന് വേറെ ആളെ നോക്കുന്നതാണ് നല്ലത്. എന്താണ് നിങ്ങള്‍ വിചാരിച്ചത്. മകളെ പറ്റി പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ... പച്ചക്കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരാളെ എന്റെ മകളുടെ മെന്ററായിട്ട് ആ മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്. എന്തും പറയാമെന്നാണോ. അത്തരം കാര്യങ്ങൾ മനസ്സില്‍ വെച്ചാല്‍ മതി. ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തും പറയുന്ന സ്ഥിതി എടുക്കരുത്. അസംബന്ധങ്ങള്‍ വിളിച്ച് പറയാനാണോ ഈ സഭാ വേദി ഉപയോഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. ഞങ്ങളുടെ ഭാഗത്തുള്ള തെറ്റുകളുണ്ടെങ്കില്‍ അത് പറയണം. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയാണോ എടുക്കേണ്ടത്. അതാണോ സംസ്‌കാരം. മറ്റുകൂടുതല്‍ കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല'' മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മാത്യു കുഴൽനാടൻ. സ്വപ്ന സുരേഷ് എന്ന അവതാരം എങ്ങനെയാണ് സെക്രട്ടേറിയറ്റിലേക്ക് എത്തിയതെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മയുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയാണ് സ്വപ്നയെ നിയമിച്ചത്. പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുമ്പോള്‍ ഒന്നര ലക്ഷം രൂപ ശമ്പളം നല്‍കിയാണ് സ്വപ്നയെ പി.ഡബ്ല്യു.സി. നിയമിച്ചത്. ഇതിന്റെ ഡയറക്ടറായിരുന്നു ബാലകുമാര്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റില്‍ ജേക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്ന് വന്നപ്പോള്‍ വെബ്സൈറ്റ് അപ്രത്യക്ഷമായി. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങള്‍ മാറ്റിയിരുന്നു. വീണയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിയാണ് ഇക്കാര്യം പറയുന്നതെന്നും കുഴല്‍നാടന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.