കേരളത്തെ അപമാനിക്കാനുള്ള നീക്കം; കിറ്റക്സിന് മറുപടിയുമായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദമല്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമായി മാത്രമേ ഇതിനെ കാണാൻ പറ്റൂ. കിറ്റക്സ് ഗ്രൂപ്പിന്‍റെ നിക്ഷേപം തെലങ്കാനയിലേക്ക് മാറ്റിയത് അവരുടെ താൽപര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം നിക്ഷേപ സൗഹൃദമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമാണ്. ഇപ്പോൾ കേരളത്തെ കുറിച്ച് അറിയാവുന്ന എല്ലാവരും ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമായാണ് കേരളത്തെ കാണുന്നത്.
നിതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ കേരളമാണ് ഒന്നാമത്. സൂചികയിലെ പ്രധാന പരിഗണനാ വിഷയം വ്യവസായമാണ്. വ്യവസായ നേട്ടമാണ് കേരളത്തെ ഒന്നാമതെത്തിച്ചത്. മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങൾ എന്ന വിഭാഗത്തിൽ നാലാം സ്ഥാനവും കേരളത്തിനാണ്.
നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കണോമിക് റിസർച്ചിന്‍റെ 2018ലെ നിക്ഷേപ സാധ്യതാ സൂചികയിൽ കേരളം നാലാമതായിരുന്നു.
2016 മുതൽ സുപ്രധാനമായ വ്യവസായ നിക്ഷേപ നടപടികളാണ് സംസ്ഥാനം കൈക്കൊള്ളുന്നത്. നിക്ഷേപകർക്കും സംരംഭകർക്കും അനുകൂല നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ആരെയും വേട്ടയാടാൻ ഈ സർക്കാർ തയാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.