ശൈലജ ടീച്ചറുടെ ഇമേജ് തകർക്കാനുള്ള ഗൂഢാലോചനയിൽ പിണറായി വിജയനടക്കം പങ്ക് -കെ.കെ. രമ
text_fieldsകോഴിക്കോട്: വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ ഇമേജ് തകർക്കാനുള്ള ഗൂഢാലോചനയിൽ പിണറായി വിജയൻ അടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് ആർ.എം.പി.ഐ നേതാവ് കെ.കെ. രമ എം.എൽ.എ. അതിനാണ് വടകരയിൽ ടീച്ചറെ സ്ഥാനാർഥിയാക്കിയത്. രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിടുന്നതിൽ ടീച്ചർ പതറിപോയി. നേരിട്ട് പത്രസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചതും പിന്നീട് തിരുത്തിയതും ടീച്ചർക്ക് തിരിച്ചടിയായെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.
ടി.പി. എന്ന ഫാക്ടറിനെ കെ.കെ. ശൈലജയിലൂടെ മറികടക്കാമെന്നാണ് സി.പി.എം പ്രതീക്ഷിച്ചത്. 15 വർഷമായി കിട്ടാത്ത മണ്ഡലം പ്രധാനപ്പെട്ട നേതാവിലൂടെ തിരിച്ചുപിടിക്കാൻ എളുപ്പമാണെന്ന് കണക്ക് കൂട്ടി. എന്നാൽ, ശൈലജ ടീച്ചറെ വടകരയിൽ കുരുതി കൊടുക്കുകയാണ് ചെയ്തത്. ശൈലജ ടീച്ചറെ കുരുതി കൊടുക്കാൻ തീരുമാനിച്ചവർക്ക് അത് സാധിച്ചിട്ടുണ്ടെന്നും കെ.കെ. രമ പറഞ്ഞു.
ശൈലജ ടീച്ചർ ഒന്നുമല്ലെന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങൾ എവിടെയൊക്കയോ ഉണ്ടായിരുന്നു. അത്തരക്കാരുടെ ആഗ്രഹങ്ങൾ കൃത്യമായി ഫലിച്ചു. വ്യക്തിപരമായ ആക്ഷേപങ്ങളൊന്നും ഇതുവരെ ശൈലജ ടീച്ചർ കേട്ടിട്ടില്ല. ഈസിയായി ജയിച്ചുവരുന്ന മണ്ഡലങ്ങളിൽ നിന്നാണ് ടീച്ചർ മത്സരിച്ചിട്ടുള്ളത്. സി.പി.എമ്മിന് സ്വാധീനമുള്ള, എതിർ ശബ്ദങ്ങളില്ലാത്ത മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
രാഷ്ട്രീയ ജാഗ്രതയുള്ള, വലിയ പ്രശ്നങ്ങളുള്ള വടകരയിലേക്ക് വരുമ്പോൾ രാഷ്ട്രീയ പ്രത്യാഘാതഘങ്ങൾ സ്വഭാവികമായി നേരിടേണ്ടി വരും. അത് നേരിടുന്നതിൽ ബുദ്ധിമുട്ടിയ ശൈലജ ടീച്ചർ പതറിപോയിട്ടുണ്ട്. അതാണ് പത്രസമ്മേളനം നടത്തി തൊണ്ടയിടറി സംസാരിക്കുന്ന സാഹചര്യത്തിലേക്ക് ടീച്ചറെ എത്തിച്ചത്. ആ പത്രസമ്മേളനം ടീച്ചർ നടത്താൻ പാടില്ലായിരുന്നു. പാർട്ടി നേതാക്കൾ നടത്തേണ്ട പത്രസമ്മേളനം നടത്തിയത് വഴി ടീച്ചർ വെട്ടിലായി. രണ്ട് ദിവസം കഴിഞ്ഞ് ആരോപണം മാറ്റിപറഞ്ഞത് വലിയ പിഴവായി.
ആരോപണത്തിൽ ഉറച്ചുനിന്നില്ല. രണ്ടാമത് ടീച്ചറെ കൊണ്ട് മാറ്റിപറയിപ്പിച്ചതാണ്. പൊതുസമൂഹത്തിൽ ശൈലജ ടീച്ചർക്കുണ്ടായിരുന്ന ഇമേജ് തകർക്കാൻ ആരോ വിചാരിച്ചു. സി.പി.എമ്മിനുള്ളിൽ നടന്ന ഈ ഗൂഢാലോചനയിൽ പിണറായി വിജയൻ അടക്കമുള്ളവർക്ക് പങ്കുണ്ട്. തന്‍റെ മുകളിൽ ശൈലജ ടീച്ചർ വരുന്നതിനെ പിണറായി വിജയൻ ആഗ്രഹിക്കുന്നില്ല. മട്ടന്നൂരിൽ നടന്ന നവകേരള സദസിൽ ശൈലജക്കും ഭർത്താവിനും എതിരെ പിണറായി പരാമർശം നടത്തുകയുണ്ടായി.
വടകരയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ പ്രചരണങ്ങളാണ് നടത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളെ എതിരാക്കാൻ നോക്കി. ഈ തൊഴിലാളികളെ സി.പി.എമ്മാണ് മോശമാക്കിയത്. പ്രകടനത്തിൽ പങ്കെടുത്ത സ്ത്രീകളെ വെണ്ണപ്പാളി സ്ത്രീകളെന്ന് വിളിച്ച് അധിക്ഷേപിച്ചു. വെണ്ണപ്പാളി പരാമർശത്തിൽ ഒരക്ഷരം ശൈലജ പ്രതികരിച്ചില്ല. മോശം പരാമർശത്തിന് പുതിയ വ്യാഖ്യാനം നൽകുകയാണ് ചെയ്തത്. അത്തരം വിഷയങ്ങളെ തള്ളിപറയാൻ സി.പി.എം നേതാക്കൾക്ക് സാധിക്കുന്നില്ല. തങ്ങളുടെ നേതാക്കൾ പറയുന്നതിനെ ന്യായീകരിച്ച് വനിതാ നേതാക്കൾ എവിടെയോ എത്തുകയാണ്.
ഒരുതരത്തിലുമുള്ള പൊളിറ്റിക്കൽ ക്രെഡിബിലിറ്റിയും ഇല്ലാതെ പോവുകയാണ്. ശൈലജ ടീച്ചർ എന്ന ഇമേജിനെ പൊളിച്ചു കൊടുക്കുക എന്നുള്ള ആഗ്രഹത്തിലാണ് വടകരയിൽ മത്സരിപ്പിച്ചതെന്നാണ് താൻ വിചാരിക്കുന്നത്. അത് കൃത്യമായി ഫലിക്കുമെന്ന് അവർക്കറിയാം. ഷാഫി പറമ്പിൽ അല്ല കെ. മുരളീധരൻ തന്നെയാണ് സ്ഥാനാർഥിയെങ്കിലും വളരെ ദയനീയമായി ശൈലജ ടീച്ചർ പരാജയപ്പെടുമായിരുന്നു. അത്രയും ശക്തമാണ് വടകരയിലെ വികാരമെന്ന കാര്യത്തിൽ സംശയമില്ല.
ടീച്ചറിന്‍റെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കാമെന്ന ആലോചനയിലാണ് വടകരയിൽ സ്ഥാനാർഥിയാക്കിയത്. അക്രമരാഷ്ട്രീയത്തെ തള്ളിപറയാത്ത സി.പി.എം അതിനെ ന്യായീകരിക്കുന്ന കാലത്തോളം വടകരയിലെ ജനങ്ങൾ പ്രതികരിച്ചു കൊണ്ടിരിക്കുമെന്നും കെ.കെ. രമ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.