പിപ്പിടി കാണിച്ചാലൊന്നും ഏശില്ല, ആർക്കും എന്തും പറയാമെന്ന രീതി നടപ്പാകില്ല -മുഖ്യമന്ത്രി
text_fieldsകോട്ടയം: ആർക്കും എന്തും പറയാമെന്ന രീതി നടപ്പാകില്ലെന്നും ഒരു കൊലകൊമ്പനെയും ഇതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിപ്പിടി കാണിച്ചാലൊന്നും ഏശില്ല. ലൈസൻസില്ലാതെ എന്തും പറയാമെന്ന നിലയുണ്ടായാൽ എന്തായിരിക്കും അവസ്ഥയെന്തെന്ന് ഈയടുത്ത നാളിൽ നാം കണ്ടു. വിരട്ടലൊന്നും ഇവിടെ ചെലവാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ നാടിന് ഒരു സംസ്കാരമുണ്ട്. നാട് ആഗ്രഹിക്കുന്ന പൊതുരീതിയുണ്ട്. അത് മാറ്റി വലിയ തോതിൽ ഭിന്നത വളർത്താമെന്ന് ആരെങ്കിലും വിചാരിച്ചാൽ അവരുടെ പിന്നിൽ ഏതു കൊലകൊമ്പൻ അണിനിരന്നാലും ശക്തമായ നടപടിയെടുക്കും. ജനം അതാണ് ആഗ്രഹിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു. ആളുകളെ മായാവലയത്തിലാക്കാം എന്ന് പ്രതിപക്ഷം കരുതരുതെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
നുണയുടെ മലവെള്ളപ്പാച്ചിലാണ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുണ്ടായത്. അതെല്ലാം തള്ളിയാണ് ജനം വീണ്ടും അധികാരത്തിലേറ്റിയത്. ഞങ്ങൾക്ക് ജനങ്ങളെ പൂർണവിശ്വാസമുണ്ട്. ജനങ്ങൾക്ക് എല്ലാം തിരിച്ചറിയാൻ സാധിക്കും. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളാണ്. ഇടതുപക്ഷം ഉള്ളതുകൊണ്ടാണ് വർഗീയ ശക്തികൾക്ക് മുതലെടുപ്പ് നടക്കാൻ സാധിക്കാത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
കനത്ത സുരക്ഷ ഒരുക്കിയെങ്കിലും മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രതിഷേധം. മണിപ്പുഴയിൽ വച്ചാണ് യുവമോർച്ച കരിങ്കൊടി കാട്ടിയത്. സമ്മേളനത്തിനു ശേഷം മടങ്ങുന്നതിനിടെ നാഗമ്പടത്ത് വച്ച് യൂത്ത് കോൺഗ്രസും കരിങ്കൊടി കാട്ടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കാണാനെത്തിയ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവരെ തടഞ്ഞതിൽ പ്രതിഷേധിച്ച് ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ സംഘർഷമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.