ഗവർണറുടെ അധികാരത്തിനപ്പുറം ഒരിഞ്ച് കടക്കാമെന്ന് കരുതരുത്; താക്കീതുമായി പിണറായി വിജയൻ
text_fieldsപാലക്കാട്: ഗവർണർ ഗവർണറുടെ അധികാരപരിധിക്കുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.ഐ.ടി.യു പാലക്കാട് ജില്ലാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഗവർണർ ഗവർണറായി പെരുമാറിക്കൊള്ളണം. അതിനപ്പുറത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കണ്ട. അങ്ങനെയുള്ള തോണ്ടലൊന്നും ഇവിടെ ഏശില്ല' - കടുത്ത ഭാഷയിൽ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
'മാധ്യമങ്ങളെ സിൻഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്നത് എന്തോ വലിയ അപരാധമായിട്ടാണ് അദ്ദേഹം പറയുന്നത്. ആ കഥയിലേക്കൊന്നും ഞാൻ പോകുന്നില്ല. പക്ഷേ, ആ പരിപ്പൊന്നും ഇവിടെ വേവില്ല. ആരോട് ഇറങ്ങിപ്പോകാൻ ആര് പറഞ്ഞു എന്നാണ്. ആരെയാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ഈ നാട്ടിൽ അന്തസ്സോടെ പറയാൻ കഴിയുന്ന കാര്യങ്ങൾ പറയാൻ കഴിയുന്നവർ തന്നെയാണ് ഞങ്ങൾ. ആരോടും അപമര്യാദയായി പെരുമാറുന്നില്ല, അതിന്റെ ആവശ്യമില്ല. അത് മനസ്സിലാക്കണം. മെല്ലെ ഒന്ന് തോണ്ടിക്കളയാം എന്ന് വെച്ചാൽ, ആ തോണ്ടലൊന്നും ഏശില്ല.' -മുഖ്യമന്ത്രി പറഞ്ഞു.
എന്താണ് നിങ്ങൾ മനസ്സിലാക്കുന്നത്. നിങ്ങൾ ഗവർണർ എന്ന സ്ഥാനത്തിരിക്കുന്നതിന്റെ ഭാഗമായി നിങ്ങൾക്കുള്ള അധികാരങ്ങളും പദവികളുമുണ്ട്. അത് വെച്ചു കൊണ്ട് പ്രവർത്തിച്ചു കൊള്ളണം. അതിനപ്പുറം ഒരിഞ്ച് കടക്കാമെന്ന് കരുതരുത്. ഭരണഘടന നൽകിയിട്ടുള്ള അധികാരങ്ങളുണ്ട്. സംസ്ഥാന സർക്കാർ എന്താണ് നിങ്ങളെ ഉപദേശിക്കുന്നത് അതനുസരിച്ച് കാര്യങ്ങൾ ചെയ്യുക എന്നതാണ് അത്. നിങ്ങൾക്ക് വ്യക്തിപരമായി ഒരു കാര്യവും ചെയ്യാനാവില്ല. അത്തരത്തിൽ ഒന്നുമായിട്ട് പുറപ്പെടുകയും വേണ്ട. അങ്ങനെ ഒരു പുറപ്പെടലും സമ്മതിക്കുന്ന ഒരു നാടല്ല കേരളം എന്ന് മനസ്സിലാക്കിക്കൊള്ളണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ഇവിടെ ഇത്തരത്തിലുള്ള പല കാര്യങ്ങളും വരും. അതൊന്നും ശ്രദ്ധിക്കാനുള്ള സമയം ഇല്ല. നമുക്ക് നമ്മുടെ നാട് കൂടുതൽ പുരോഗതിയിലേക്ക് പോകണം. കൂടുതൽ വികസനത്തിലേക്ക് കുതിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ നിയമവ്യവസ്ഥയുണ്ട്. ജനാധിപത്യത്തിന്റേതായ രീതികളുണ്ട്. അതിന്റെ നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. കീഴ്‌വഴക്കങ്ങളുമുണ്ട്. അതെല്ലാം അനുസരിച്ച് മാത്രമേ കാര്യങ്ങൾ മുന്നോട്ടു പോകാൻ സാധിക്കു. അതെല്ലാം അനുസരിച്ച് മാത്രമേ ഗവർണർക്കും പ്രവർത്തിക്കാനാകൂ. നമ്മുടെ നാടിന്റെ വികസനത്തിന് തടയിടാൻ ആര് വന്നാലും, അത് 'എന്റെ സർക്കാർ' എന്ന് എൽ.ഡി.എഫ് സർക്കാരിനെ വിളിക്കുന്ന ഗവർണർ ആയാൽ പോലും ഈ നാട് അംഗീകരിക്കില്ല. അത്തരം ശ്രമങ്ങളെ ശക്തമായി നേരിടും എന്നത് നമുക്ക് തെളിയിക്കേണ്ടതായിട്ടുണ്ട്' -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.