പിണറായി ചികിത്സക്ക് അമേരിക്കയിൽ പോയി, യോഗി തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണപരാജയം -കെ.സുരേന്ദ്രൻ
text_fieldsകോഴിക്കോട്: യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണ പരാജയത്തെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ യോഗിയുടെ വിമർശനം കേരളത്തിനെതിരാണെന്ന് വരുത്തി തീർക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. കേരളം എല്ലാത്തിലും നമ്പർ വണ്ണാണെന്ന് പറയുന്ന പിണറായി വിജയൻ പിന്നെന്തിനാണ് ചികിത്സക്കുവേണ്ടി അമേരിക്കയിൽ പോയതെന്ന് പറയണം.
സ്വർണ്ണക്കള്ളക്കടത്ത് നടത്തുന്ന സർക്കാരാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോലും സ്വർണ്ണക്കടത്ത് നടത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഭീകരവാദത്തോട് ഇവിടുത്തെ സർക്കാരിന് മൃദുസമീപനമാണുള്ളത്. ഐ.എസിലേക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട്മെന്റ് നടന്ന സ്ഥലം കേരളമാണ്.
പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി. പിണറായി വിജയന്റെ സർക്കാരാണ് മതതീവ്രവാദികൾക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത്. പൊലീസിൽ നിന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ അവരുടെ അജണ്ട നടപ്പാക്കുകയാണ്. കോവിഡ് ടി.പി.ആർ 50 ശതമാനം വരെ എത്തിയ നാണക്കേട് ഏറ്റുവാങ്ങിയ സംസ്ഥാനമാണ് കേരളം. മരണ നിരക്കിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണ്.
മരണനിരക്ക് പൂഴ്ത്തിവെച്ച മനുഷ്യത്വവിരുദ്ധമായ സംസ്ഥാന സർക്കാരാണിത്. സ്ത്രീ പീഡന കേസിലും എസ്.ടി -എസ്.സി അതിക്രമങ്ങളിലും കേരളം നമ്പർ വണ്ണാണ്. ആറുമണി വാർത്താസമ്മേളനങ്ങളിൽ മറ്റു സംസ്ഥാനങ്ങളെ വിമർശിക്കാറുള്ള പിണറായി വിജയൻ തിരിച്ച് വിമർശനം ഏറ്റുവാങ്ങുമ്പോൾ പ്രാദേശിക വികാരം കത്തിക്കുന്നത് ലജ്ജാകരമാണ്. സർക്കാർ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.