പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല –പിണറായി
text_fieldsതൃശൂര്‍: ഏതെങ്കിലും വക്രബുദ്ധികൾ പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ അത് അനുവദിച്ചുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 60 സബ് ഇൻസ്പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പൊലീസിനെ പിണറായി പിന്തുണച്ചത്.
പൊലീസിൽ തെറ്റായതൊന്നും പൊറുപ്പിക്കില്ല. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കും. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ മാത്രം മതി പൊലീസിന് കാര്‍ക്കശ്യം. പൊലീസാകുന്നത് ആരുടെയും മേല്‍ കയറാനുള്ള ലൈസന്‍സ് അല്ല -പിണറായി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പൊലീസ് ഓഫിസര്‍മാർ നിരവധി കാര്യങ്ങളില്‍ പ്രാവീണ്യം നേടേണ്ടതുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്. മാവോവാദി ആക്രമണങ്ങളും സ്ത്രീകള്‍ക്കെതിെരയുള്ള ആക്രമണങ്ങളും പെരുകുന്നു.
പൊലീസ് വെറും മര്‍ദനോപകരണമല്ല. ജീവിതത്തിെൻറ ഗുണമേന്മ ഉറപ്പാക്കാന്‍ ജാഗരൂകരായ പൊലീസ് സേനയാണ് ആവശ്യം. ചില ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പ്രവൃത്തി അവമതിപ്പുണ്ടാക്കുന്നുണ്ട്. ഇത് അവര്‍ക്ക് ലഭിച്ച തെറ്റായ പരിശീലനം കൊണ്ടാണോ എന്ന് പരിശോധിച്ച് ശരിയായ പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനമൈത്രി പൊലീസ് എന്നത് പേരില്‍ മാത്രം പോര; നടപ്പിലാക്കണം. പൊലീസ് അക്കാദമിയെ സെൻറര്‍ ഓഫ് എക്‌സലന്‍സാക്കി ഉയര്‍ത്തും. ക്ലാസ് മുറികൾ പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യും. ജനസൗഹൃദ രീതി വേണം. ആരെങ്കിലും പരാതിയുമായി വന്നാല്‍ അവരെ സഹായിക്കാനുള്ള മനസ്സ് പൊലീസിന് വേണം. അഴിമതിരഹിത പ്രവര്‍ത്തനം നടത്താന്‍ പൊലീസിന് ധൈര്യം ഉണ്ടായിരിക്കണം.-മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.