പിണറായിക്കും പുത്രിവാത്സല്യം; സി.പി.എമ്മിൽ മുറുമുറുപ്പ്
text_fieldsതിരുവനന്തപുരം: മകളെയും കൊച്ചുമകനെയും കൂട്ടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റ ഔദ്യോഗിക വിദേശയാത്രക്ക് എതിരെ സി.പി.എമ്മിലും മുന്നണിയിലും മുറുമുറുപ്പ്.
മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിൽ മുഖ്യമന്ത്രിയെ സഹായിക്കാൻ പേഴ്സനൽ അസിസ്റ്റന്‍റ് വി.എം. സുനീഷും ഭാര്യ കമലയും ഉണ്ടായിരിക്കെയാണ് മകൾ വീണയെയും അവരുടെ മകനെയും കൂടെ കൂട്ടിയത്. സി.പി.എം പി.ബിയിലെ മുതിർന്ന അംഗം കൂടിയായ പിണറായി വിജയന്‍റെ നടപടിക്ക് എതിരെ രാഷ്ട്രീയ, നൈതിക ചോദ്യങ്ങളാണ് ഉയരുന്നത്.
ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രി സ്വജനപക്ഷപാതത്തിന് വഴങ്ങുന്നത് പാടില്ലാത്തതാണ്. എന്നാൽ, മുഖ്യമന്ത്രിയുടെ മകൾ വീണ ഒരു സ്വകാര്യ ഐ.ടി സംരംഭകയാണ്. എക്സലോജിക് സൊലൂഷൻസ് എന്ന ഐ.ടി കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. മുഖ്യമന്ത്രിക്ക് കീഴിലാണ് ഐ.ടി വകുപ്പുള്ളതും.
മുഖ്യമന്ത്രി സന്ദർശിക്കുന്ന സ്കാൻഡിനേവിയൻ, യൂറോപ്യൻ രാജ്യങ്ങളിൽ മികച്ച ഐ.ടി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഐ.ടി സംരംഭകയായ മകൾ കൂടെയുള്ളത് വിരുദ്ധ താൽപര്യങ്ങളുടെ ഏറ്റുമുട്ടലിന് വേദിയാവുമെന്ന വിമർശനമാണ് ഉയരുന്നത്.
സംസ്ഥാന താൽപര്യമാണോ മകളുടെ ഐ.ടി സംരംഭത്തിനാണോ മുൻകൈ എന്ന സംശയം ഉണ്ടാവുന്നത് സർക്കാറിനും തിരിച്ചടിയാണെന്ന അഭിപ്രായം എൽ.ഡി.എഫിലുമുണ്ട്. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്തും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നിരുന്നു.
സ്വപ്ന സുരേഷ് വിവാദത്തിലെ പ്രൈസ്വാട്ടർഹൗസ് കൂപ്പറിന്‍റെ ഡയറക്ടർമാരിലൊരാളായ ജെയ്ക് ബാലകുമാറിനെ തന്‍റെ മാർഗദർശിയായി എക്സാലോജികിന്‍റെ വെബ്സൈറ്റിൽ നൽകിയത് കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ പുറത്തുകൊണ്ടുവന്നിരുന്നു.
പുതിയ ഐ.ടി സംരംഭം തുടങ്ങും മുമ്പ് വീണ സി.ഇ.ഒ ആയി പ്രവർത്തിച്ചിരുന്നത് ഒരു വ്യവസായിയുമായി ബന്ധപ്പെട്ട ഐ.ടി സ്ഥാപനത്തിൽ ആയിരുന്നതും വിവാദമായിരുന്നു. വീണയുടെയും മകന്‍റെയും യാത്രച്ചെലവ് സർക്കാറല്ല, സംഘാടകരാണ് വഹിക്കുന്നതെന്നാണ് പാർട്ടി വാദം. എന്നാൽ, അങ്ങനെ ചെലവ് വഹിക്കുന്നതിന്‍റെ നൈതികതയിലും ചോദ്യം ഉയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.