പിണറായിയുടേത് കൊടിയ രാഷ്ട്രീയ വഞ്ചന- വി.എം.സുധീരന്‍
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേത് കൊടിയ രാഷ്ട്രീയ വഞ്ചനയെന്ന് കെ.പി.പി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. ആര്‍.എസ്.എസ്. ദേശീയ നേതാക്കളുമായി എ.ഡി.ജി.പി. അജിത്കുമാര്‍ ചര്‍ച്ച നടത്തിയ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടും മുഖ്യമന്ത്രി അതിന്മേല്‍ നിഷ്‌ക്രിയ നിലപാടാണ് സ്വീകരിച്ചത്. ഇത് സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ചർച്ച നടന്നതെന്നാണ്. ഇതെല്ലാം വളരെയേറെ വ്യക്തമാക്കപ്പെടുന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ബി.ജെ.പി.ക്കും ആര്‍.എസ്.എസിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവരുന്നതായി പ്രഖ്യാപിച്ചുവരുന്ന സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി നിക്ഷിപ്ത താല്‍പര്യ സംരക്ഷണത്തിനായി തന്റെ ദൂതനായ എ.ഡി.ജി.പി.വഴി ആര്‍.എസ്.എസ്. നേതൃത്വത്തെ പലപ്പോഴായി ബന്ധപ്പെട്ടത് കൊടിയ രാഷ്ട്രീയ വഞ്ചനയാണ്. ഇതുവഴി സ്വന്തം പാര്‍ട്ടിയെയും അണികളെയും ജനാധിപത്യ-മതേതര വിശ്വാസികളായ ജനങ്ങളെയും നഗ്നമായി വഞ്ചിച്ച മുഖ്യമന്ത്രി പിണറായി ഭാവിയില്‍ അറിയപ്പെടുന്നത് സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ 'രാഷ്ട്രീയ വഞ്ചക'നായിട്ടാണ്.
ഭരണഘടനാ തത്വങ്ങളെയും സ്വന്തം പാര്‍ട്ടിയുടെ നയങ്ങളെയും രാജ്യത്തെ ജനങ്ങളെയും വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഇത്രമേല്‍ ആഴത്തില്‍ വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയന് നിയമപരമായും രാഷ്ട്രീയമായും ധാര്‍മ്മികമായും അധികാരത്തില്‍ തുടരാനുള്ള അര്‍ഹത പൂർണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. തെല്ലെങ്കിലും രാഷ്ട്രീയ മര്യാദ അദ്ദേഹത്തില്‍ അവശേഷിക്കുന്നെങ്കില്‍ എത്രയും വേഗത്തില്‍ രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്.
പാര്‍ട്ടിയുടെ അടിസ്ഥാന നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവരുന്ന പിണറായിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും തള്ളിപ്പറയുവാനും വൈകുന്തോറും സി.പി.എം. ദേശീയ നേതൃത്വം ജനങ്ങളുടെ മുന്നില്‍ കൂടുതല്‍ കൂടുതല്‍ പരിഹാസ്യരാകുന്ന സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളതെന്നും വി.എം. സുധീരൻ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.