പിണറായി മന്ത്രിസഭ നാലാം വാർഷികം ആഘോഷമാക്കും
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. തദ്ദേശ തലം മുതൽ സംസ്ഥാനതലം വരെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഏപ്രിൽ 21ന് കാസർകോട്ട് നിന്നാരംഭിച്ച് മേയ് 21ന് തിരുവനന്തപുരത്ത് സമാപിക്കും.
വിവിധ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖരുടെയും യോഗം സംഘടിപ്പിക്കും. സർക്കാറിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീളുന്ന ജില്ലതല പ്രദർശന- വിപണന മേളകളുമുണ്ടാകും. യുവജനങ്ങൾ, വനിതകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, സാംസ്കാരിക രംഗത്തുള്ളവർ, ഗവേഷണ വിദ്യാർഥികൾ ഉൾപ്പെടെ പ്രഫഷനൽ വിദ്യാർഥികൾ, പ്രഫഷനലുകൾ എന്നിവരുമായി ചർച്ചകൾ നടത്തും.
ജില്ലതല യോഗങ്ങൾ: ഏപ്രിൽ 21-കാസർകോട്, ഏപ്രിൽ 22- വയനാട്, ഏപ്രിൽ 24 - പത്തനംതിട്ട, ഏപ്രിൽ 28 -ഇടുക്കി, ഏപ്രിൽ 29 -കോട്ടയം, മേയ് അഞ്ച് -പാലക്കാട്, മേയ് ആറ് -കൊല്ലം, മേയ് ഏഴ് -എറണാകുളം, മേയ് 12 -മലപ്പുറം, മേയ് 13 - കോഴിക്കോട്, മേയ് 14 -കണ്ണൂർ, മേയ് 19 -ആലപ്പുഴ, മേയ് 20 -തൃശൂർ, മേയ് 21 - തിരുവനന്തപുരം. സംസ്ഥാനതല യോഗങ്ങൾ: മേയ് മൂന്ന് -യുവജനക്ഷേമം - കോഴിക്കോട്, മേയ് നാല് - വനിതാവികസനം -എറണാകുളം, മേയ് 10 - സാംസ്കാരികം -തൃശൂർ, മേയ് 11 - ഉന്നതവിദ്യാഭ്യാസരംഗം -കോട്ടയം, മേയ് 17 - പ്രഫഷനലുകളുമായി ചർച്ച -തിരുവനന്തപുരം, മേയ് 18 - പട്ടികജാതി - പട്ടികവർഗം-പാലക്കാട്.
മേഖലതല അവലോകന യോഗങ്ങൾ മേയിൽ
തിരുവനന്തപുരം: സർക്കാറിന്റെ ഭരണനേട്ടങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നെന്ന് ഉറപ്പാക്കാനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേയിൽ മേഖലതല അവലോകന യോഗങ്ങൾ സംഘടിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ആഘോഷങ്ങളുടെ ഭാഗമായി ചർച്ചകൾ, കായിക മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും. ജില്ല ചുമതലയുള്ള മന്ത്രിമാർ ചെയർമാനും ജില്ല കലക്ടർ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തുടർ നടപടികൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വികസനപ്രവർത്തനങ്ങൾക്കുള്ള തടസ്സം പരിഹരിക്കാനുള്ള നടപടികളും മേഖല അവലോകന യോഗത്തിലുണ്ടാകും. മേയ് എട്ടിന് പാലക്കാട് (പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകൾ), 15ന് തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട), 26ന് കണ്ണൂർ (കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്), 29ന് കോട്ടയം (എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം) എന്നിങ്ങനെയാണ് മേഖല യോഗങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.