പിണറായിയുടെ പ്രസ്താവന: ആർ.എസ്.എസ് ചങ്ങാത്തം പുറത്തുവന്നതിൻറെ ജാള്യത മറക്കാൻ -എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചേലക്കരയിൽ നടത്തിയ പ്രസ്താവന ആർ.എസ്.എസ് ചങ്ങാത്തം പുറത്തുവന്നതിൻറെ ജാള്യത മറക്കാനാണെന്ന് എസ്.ഡി.പി.ഐ. കേരളത്തെ ആർ.എസ്.എസിന്റെ നിഴൽ ഭരണത്തിൻ കീഴിലാക്കിയ ശേഷം ജനങ്ങളെ വിഡ്‌ഢികളാക്കാൻ നടത്തുന്ന ശ്രമം വിലപ്പോവില്ല. ഇല്ലാത്ത ന്യൂനപക്ഷ തീവ്രവാദമെന്ന ആരോപണം ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താൻ മാത്രമാണ്.
പഴകി പുളിച്ച ഈ ആരോപണം ജനങ്ങൾ പുച്ഛിച്ചു തള്ളും. പിണറായി ഭരണത്തിൽ കേരളത്തിൻറെ ആഭ്യന്തര വകുപ്പ് ഉൾപ്പെടെ ആർ.എസ്.എസ് റിമോട്ട് കൺട്രോളിലാക്കി യിരിക്കുന്നു. പിടിയിലാവുമ്പോൾ കള്ളൻ പിന്നാലെ വരുന്നവരെ ചൂണ്ടി കള്ളൻ എന്നു വിളിച്ചുകൂവുന്നതുപോലേയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. തലശ്ശേരി കലാപത്തിനിടെ സി പി എമ്മുകാരൻ കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് കള്ളുഷാപ്പിലുണ്ടായ അടിപിടിക്കിടെയാണെന്ന കാര്യം അറിയാത്തവരായി ആരുമില്ല. കലാപം അന്വേഷിച്ച ജോസഫ് വിതയത്തിൽ കമീഷൻ റിപ്പോർട്ടിൽ ഒരിടത്തും കുഞ്ഞിരാമൻ ന്യൂനപക്ഷങ്ങളെ രക്ഷിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന സംഭവം പരാമർശിക്കുന്നില്ല.
അഞ്ചുപതിറ്റാണ്ട് പിന്നിട്ടിട്ടും ഈ കള്ളം ആവർത്തിക്കാനുള്ള തൊലിക്കട്ടി അപാരമാണ്. സി.പി.എമ്മിന്റെ ആർ.എസ്.എസിനോടുള്ള സമീപനം കേരളത്തിലെ ജനങ്ങൾക്ക് പകൽപോലെ വ്യക്തമാണ്. പിണറായി വിജയൻറെ വാക്കുകളിൽ അൽപ്പമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ആർ.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻറ് ചെയ്യാൻ തയാറാവണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.