'മാധ്യമം' വാർത്ത തുണച്ചു; റുബീനക്കും കുടുംബത്തിനും പിങ്ക് കാർഡ്
text_fieldsചാവക്കാട്: ലോക് ഡൗൺ കാലത്ത് വെള്ള റേഷൻ കാർഡുമായി ജീവിതം ദുരിതത്തിലായ റുബീനക്കും കുടുംബത്തിനും ആശ്വാസമായി പിങ്ക് കാർഡ്. കടപ്പുറം എട്ടാം വാർഡ് കെട്ടുങ്ങൽ പുഴങ്ങര വീട്ടിൽ റുബീനക്കാണ് കാത്തിരിപ്പിനൊടുവിൽ പിങ്ക് നിറത്തിലുള്ള കാർഡ് ലഭിച്ചത്. മുൻഗണന പട്ടികയിൽ ഉൾപ്പെടാത്തതിനാൽ ഹൃദ്രോഗിയായ ഭർത്താവും വിദ്യാർഥിനികളായ മൂന്ന് മക്കളുമായി ഓലക്കുടിലിൽ കഴിയുന്ന വീട്ടമ്മ, സർക്കാർ ആനുകുല്യങ്ങൾ ലഭിക്കാതെ ജീവിതം വഴിമുട്ടി ദുരിതക്കയത്തിലായിരുന്നു.
താമസിക്കുന്ന പത്ത് സെൻറ് കുടിയിരിപ്പിന് അവകാശികളായി ഭർത്താവ് ഹംസ ഉൾെപ്പടെ പത്ത് പേരുണ്ട്. വീടിനോട് ചേർന്ന് ഓലഷെഡ് നിർമിച്ച് തട്ടുകടയാക്കി ചായക്കച്ചവടം ചെയ്താണ് ഹംസ, ബിരുദവും പ്ലസ് വണ്ണും ഹൈസ്കൂളിലുമായി പഠിക്കുന്ന മൂന്ന് പെൺമക്കളേയും കുടുംബത്തേയും നോക്കിയിരുന്നത്. ഇടക്ക് ഹൃദ്രോഗം ബാധിച്ച് ശസ്ത്രക്രിയ കഴിഞ്ഞ ഹംസ വിശ്രമത്തിലായി. വെള്ള കാർഡായതിനാൽ ചികിത്സ തേടിയ സർക്കാർ ആശുപത്രികളിൽനിന്ന് പോലും ആനുകൂല്യം ലഭിക്കാത്ത സാഹചര്യമുണ്ടായി. പോണ്ടിച്ചേരിയിലെ ആശുപത്രിയിൽ പോയാണ് കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയ നടത്തിയത്. എന്നിട്ടും രണ്ട് ലക്ഷത്തോളം ചെലവ് വന്നു.
ഭർത്താവ് വിശ്രമത്തിലായതോടെ കുടുംബകാര്യം ചുമലിലേറ്റി റുബീന തട്ടുകടയിൽ ജോലി ആരംഭിച്ചപ്പോഴാണ് കോവിഡും ലോക്ഡൗണുമായി ജീവിതം വഴിമുട്ടിയത്. സർക്കാർ വക സൗജന്യ റേഷൻ 15 കിലോ അരി ഇവർക്ക് ലഭിച്ചെങ്കിലും ദൈനംദിന കാര്യങ്ങൾ പരിസരവാസികളായ നാട്ടുകാരുടെ കാരുണ്യത്താലാണ് മുന്നോട്ട് നീക്കുന്നത്.
റുബീനയുടെ കഷ്ടപ്പാടിെൻറ നേർരേഖ 'മാധ്യമം' വാർത്തയാക്കിയതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. വാർത്തയുടെ പകർപ്പ് മാധ്യമം ഓഫിസിലേക്ക് അയച്ച് താലൂക്ക് അസി. സപ്ലൈ ഓഫിസർ സൈമൺ ജോസ് റുബീനയുടെ കാർഡ് നമ്പറും വിശദവിവരവും അന്വേഷിച്ച് തിരുവനന്തപുരത്തേക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഓരോ ഘട്ടത്തിൽ അന്വേഷിക്കുമ്പോഴും അനുകൂല മറുപടിയാണ് സപ്ലൈ ഓഫിസർ ടി.ജെ. ജയദേവൻ, സൈമൺ ജോസ് എന്നിവരിൽനിന്ന് റുബീനക്ക് ലഭിച്ചുകൊണ്ടിരുന്നത്. ബുധനാഴ്ച സപ്ലൈ ഓഫിസിലേക്ക് റുബീനയെ വിളിച്ച് ഓഫിസർ കാർഡ് കൈമാറി. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇനി തടസ്സമൊന്നുമില്ലെങ്കിലും സ്വന്തമായൊരു തുണ്ട് ഭൂമിയിൽ വീട് എന്നത് ഇവരുടെ വലിയ സ്വപ്നങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.