പിങ്ക് പൊലീസ് പരസ്യ വിചാരണ: നഷ്ടപരിഹാരത്തിന്റെ പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
text_fieldsതിരുവനന്തപുരം: പിങ്ക് പൊലീസിൻറെ പരസ്യവിചാരണ നേരിട്ടതിന് ഹൈകോടതി അനുവദിച്ച ധനസഹായത്തിന്‍റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അതിക്രമത്തിന് ഇരയായ എട്ടുവയസുകാരിയുടെ പിതാവ് ജയചന്ദ്രൻ. തന്‍റെ പോരാട്ടം നഷ്ടപരിഹാര തുകക്ക് വേണ്ടിയായിരുന്നില്ലെന്നും മകളുടെ നീതിക്കായുള്ള പോരാട്ടമായിരുന്നെന്നും ജയചന്ദ്രൻ പറഞ്ഞു.
എട്ടുവയസുകാരിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാല് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഹൈകോടതിയിൽ നിന്ന് ജയചന്ദ്രനും മകൾക്കും അനുകൂലമായ വിധി ഉണ്ടായത്. നഷ്ടപരിഹാരത്തിന് പുറമേ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാപൊലീസ് മേധാവിയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
'അപ്പീൽ പോകാതെ ഞങ്ങൾക്ക് ആ പൈസ തരികയാണെങ്കിൽ, ഒരു ഭാഗം എന്റെ മോളുടെ പേരിലും, ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, പിന്നെ ഒരു ഭാഗം ആദിവാസി കുട്ടികളുടെ പഠനത്തിനുവേണ്ടിയും ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.'-ജയചന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് പിതാവിനെയും മകളെയും അപമാനിച്ച സംഭവം നടന്നത്. ഐ.എസ്.ആര്‍ഒയുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ വഴിവക്കിൽ കാത്തുനിൽക്കുകയായിരുന്നു ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. പിങ്ക് പൊലീസിന്റെ വാഹനം സമീപത്ത് പാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെയാണ് മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിച്ചത്. പിന്നീട് മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്നു തന്നെ കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.