പിണറായി സർക്കാറിന്റെ കാലത്ത് പുതുതായി അനുവദിച്ചത് 229 ബാറുകളെന്ന് എക്സൈസ് മന്ത്രി
text_fieldsതിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് പുതുതായി അനുവദിച്ചത് 229 ബാറുകളെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ. ഇതിന് പുറമെ 2015 ന് മുമ്പ് ഉണ്ടായിരുന്നതും അന്നത്തെ യു.ഡി.എഫ് സർക്കാർ നിർത്തിയനുമായ 440 ബാർ ലൈസൻസുകൾ പുതുക്കി നൽകുകയും ചെയ്തു. ടി.വി. ഇബ്രാഹീം എം.എൽ.എ. യുടെ ചോദ്യത്തിനാണ് എക്സൈസ് മന്ത്രി മറുപടി നൽകിയത്.
2016 ൽ യു.ഡി.എഫ് അധികാരം ഒഴിഞ്ഞ് ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ സംസ്ഥാനത്ത് 29 ബാറുകളും 306 ഔട്ട്ലെറ്റുകളുമാണ് ഉണ്ടായിരുന്നതെന്നും എക്സൈസ് മന്ത്രി അറിയിച്ചു. എൽ.ഡി.എഫ് സർക്കാറിന്റെ ഭരണകാലത്ത് അസൗകര്യങ്ങളുള്ള ബെവ്കോ ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനും മുൻ കാലങ്ങളിൽ പൂട്ടിയ 78 എണ്ണം വീണ്ടും തുറക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.
ഐ.ടി പാർക്കുകളിൽ അവരുടെ ജീവനക്കാർക്കും അതിഥികൾക്കും പ്രവർത്തി സമയത്തിന് ശേഷമുള്ള വേളകളിൽ വിനോദത്തിന് അവസരം നൽകുന്നതിന്റെ ഭാഗമായി വ്യവസ്ഥകളോടെ മദ്യം നൽകുന്ന പബ്ബുകൾ സ്ഥാപിക്കുന്നതിന് ഐടി പാർക്ക് ലോഞ്ച് ലൈസൻസ് വിദേശ മദ്യ ചട്ടത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. 2022 - 23 മദ്യനയത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇത് സംബന്ധമായ ചട്ടം രൂപീകരിച്ച് വരുന്നതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.