സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി വർധിച്ചു -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മലയിൻകീഴ് ഗവ. വി.എച്ച്.എസ്.എസിൽ സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2016ൽ അഞ്ച് ലക്ഷം വിദ്യാർഥികളാണ് പൊതുവിദ്യാലയങ്ങളിൽ നിന്നും കൊഴിഞ്ഞു പോയത്. എന്നാൽ, പിന്നീട് 10 ലക്ഷത്തോളം വിദ്യാർഥികൾ വിദ്യാലയങ്ങളിൽ എത്തുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വലിയ രീതിയിൽ വികസിപ്പിക്കാൻ ഇക്കാലയളവിൽ സാധിച്ചിട്ടുണ്ട്. സർക്കാറും അധ്യാപകരും വിവിധ സ്കൂളുകളിലെ പി.ടി.എയുമെല്ലാം ചേർന്നാണ് സ്കൂളുകളിൽ വലിയ മാറ്റമുണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം 42 ലക്ഷത്തിലധികം വിദ്യാർഥികളാണ് വീണ്ടും പള്ളിക്കൂടമുറ്റത്തെത്തിയത്. ഇതിൽ മൂന്നേകാൽ ലക്ഷത്തോളം വിദ്യാർഥികൾ ഒന്നാം ക്ലാസിലെത്തിയ നവാഗതരാണ്. കഴിഞ്ഞ വർഷം സംസ്ഥാന സിലബസിലുള്ള സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 3,03,179 കുട്ടികളാണ് ഒന്നാം ക്ലാസിലെത്തിയത്. ഈ വർഷത്തെ കുട്ടികളുടെ എണ്ണം ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിനുശേഷം വ്യക്തമാകും.
ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഉൾപ്പെടെ 15,452 സ്കൂളുകളാണ് വ്യാഴാഴ്ച തുറന്നത്. ഇതിൽ 5813 സർക്കാർ സ്കൂളും 8159 എയ്ഡഡ് സ്കൂളും ഉൾപ്പെടുന്നു. 6849 എൽ.പി സ്കൂൾ, 3009 യു.പി, 3128 ഹൈസ്കൂൾ, 2077 ഹയർ സെക്കൻഡറി സ്കൂൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.