ബിഷപ്പ് പ്രതിയായത് കോടതിയലക്ഷ്യ കേസിൽ
text_fieldsതിരുവനന്തപുരം: കോടതിയലക്ഷ്യ കേസിന്റെ ഭാഗമായാണ് ബിഷപ്പിനെ പ്രതിചേര്‍ത്തതെന്നും തുറമുഖത്തിന് സുരക്ഷയൊരുക്കാൻ കേന്ദ്രസേന വേണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യത്തെ എതിര്‍ക്കാത്തത് ഉമ്മന്‍ ചാണ്ടി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായിട്ടായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ. തുറമുഖ നിർമാണം തടസ്സപ്പെടുത്തരുതെന്ന ഹൈകോടതി ഉത്തരവ് സമരസമിതി ലംഘിച്ചതിനാല്‍ കേസെടുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. അദാനി ഗ്രൂപ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയില്‍ സഭാ നേതാക്കള്‍ എതിര്‍ കക്ഷികളാണ്. തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തില്ലെന്ന് കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു.
സമരാഹ്വാനം ചെയ്തവരില്‍ ചിലരെ മാത്രം കേസില്‍നിന്ന് ഒഴിവാക്കാനാകില്ല. വ്യക്തികളുടെ മുഖം നോക്കിയല്ല നിയമവും കോടതിയും പ്രവര്‍ത്തിക്കുന്നത്. ക്രമസമാധാനപാലനം പൊലീസിന്റെയും സര്‍ക്കാറിന്റെയും ഉത്തരവാദിത്തമാണ്. നിയമം കൈയിലെടുക്കുന്നവരെ പൊലീസിന് നിയന്ത്രിച്ചേ മതിയാകൂ. കരാര്‍ പ്രകാരം തുറമുഖ നിര്‍മാണ കമ്പനി കേന്ദ്ര സേനയുടെ പിന്തുണ സുരക്ഷക്കായി ആവശ്യപ്പെട്ടാല്‍ ഒരുക്കിക്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. വിഴിഞ്ഞം പൊതുമേഖലയില്‍ വേണമെന്നാണ് തങ്ങളുടെ നിലപാടെങ്കിലും ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ പ്രവർത്തനമാരംഭിച്ച പദ്ധതി തുടരട്ടെയെന്ന സമീപനമാണ് സ്വീകരിച്ചത്- മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.