സിൽവർലൈനിൽ കേന്ദ്രത്തിന് അനുഭാവപൂർവമായ സമീപനം -പിണറായി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആരോഗ്യകരമായ ചർച്ച നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർലൈൻ പദ്ധതിയോട് കേന്ദ്രസർക്കാറിന് അനുഭാവപൂർവമായ നിലപാടാണുള്ളതെന്നും പിണറായി പറഞ്ഞു. മോദിയുമായി നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
സിൽവർലൈൻ പദ്ധതി സംബന്ധിച്ച് റെയിൽവേ മന്ത്രിയുമായി അനൗദ്യോഗിക ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയെ എതിർക്കുന്നവരും വേഗത്തിൽ യാത്രാസംവിധാനം വേണമെന്ന നിലപാടുള്ളവരാണ്. പരിസ്ഥിതി സൗഹാർദ ഗതാഗത സംവിധാനമൊരുക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ നടക്കുന്നത് സാമൂഹിക ആഘാതത്തിനുള്ള സർവേ. ഒരു വർഷം കൊണ്ട് സർവേ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷമാവും ഭൂമി ഏറ്റെടുക്കൽ നടപടി ഉൾപ്പടെ നടത്തുക.
സിൽവർലൈൻ പദ്ധതിയിൽ വേഗതയും സുരക്ഷയും അതീവപ്രാധാന്യമർഹിക്കുന്നതാണ്. ഏറ്റവും സുരക്ഷിതമായ പദ്ധതിയാണ് സിൽവർലൈൻ. 2050ഓടെ കേരളത്തെ കാർബർ ബഹിർഗമനം ഏറ്റവും കുറവുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാറിന്റെ ലക്ഷ്യം. സംസ്ഥാനത്തെ റോഡ് ഗതാഗതത്തിന് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനം വേഗം കുറവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.