ഇന്ധന സെസ്: വിലനിർണയാധികാരം കുത്തക കമ്പനികൾക്ക് വിട്ടുനൽകിയവരാണ് സമരം ചെയ്യുന്നത് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇന്ധനവില നിർണയാധികാരം കുത്തക കമ്പനികൾക്ക് വിട്ടുനൽകിയവരാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സെസിനെതിരായി സമരം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എണ്ണകമ്പനികളെ പ്രീണിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞവരാണ് കോൺഗ്രസ്. ബി.ജെ.പിയും സമരത്തിലുണ്ട് എന്നത് വിചിത്രമാണ്. തരാതരം പോലെ ഇരുകൂട്ടരും വിലനിർണായധികാരം എണ്ണകമ്പനികൾക്ക് വിട്ടുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പ്രതിപക്ഷം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ബജറ്റ് അവതരണത്തിന് മുമ്പ് തന്നെ ഇത്തരം പ്രചാരണം തുടങ്ങിയിരുന്നു. കേരളം കടക്കെണിയിലാണെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാൽ, സംസ്ഥാനത്തിന്റെ കടത്തിന്റെ അളവിൽ കുറവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ നാല് വർഷം കൊണ്ട് ആഭ്യന്തര കടത്തിൽ 2.46 ശതമാനത്തിന്റെ കുറവുണ്ടായി. കേരളത്തിൽ മാത്രമല്ല കടമുള്ളത്. മറ്റ് സംസ്ഥാനങ്ങളിലും കടമുണ്ട്. കേരളത്തിന്റെ നികുതി വരുമാനം വർധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രനയങ്ങൾ മൂലമുള്ള സാമ്പത്തിക ഞെരുക്കമാണ് സെസ് ഏർപ്പെടുത്താൻ കാരണം. 2015ൽ ഇന്ധനവില ഇതിന്റെ പകുതി പോലും ഇല്ലാതിരുന്ന കാലത്ത് യു.ഡി.എഫ് ഒരു രൂപ സെസ് ഏർപ്പെടുത്തി. സംസ്ഥാനത്തെ ഞെരുക്കാൻ കേന്ദ്ര സർക്കാറും ഇതിന് കുടപിടിക്കാൻ സംസ്ഥാനവുമെന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.