അടിക്കടി പൊട്ടലും ചോര്‍ച്ചയും; 616 കിലോമീറ്റര്‍ ജലവിതരണപൈപ്പ് മാറ്റുന്നു
text_fieldsതിരുവനന്തപുരം: അടിക്കടിയുള്ള പൈപ്പ്പൊട്ടല്‍ ഒഴിവാക്കുന്നതിനും ജലവിതരണശൃംഖല കാര്യക്ഷമമാക്കുന്നതിനുമായി സംസ്ഥാനത്തെ കാലപ്പഴക്കം ചെന്ന 616 കിലോമീറ്റര്‍ സിമന്‍റ് പൈപ്പ് മാറ്റിസ്ഥാപിക്കുന്നു. 500 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയിലൂടെ 174 സ്ഥലങ്ങളിലെ പൈപ്പുകള്‍ മാറ്റാനാണ് ജലഅതോറിറ്റി ആലോചിക്കുന്നത്. ഇതില്‍ 40 വര്‍ഷത്തോളം പഴക്കമുള്ള പൈപ്പുകളുണ്ട്. ഇവ പൊട്ടി ജലവിതരണം തടസ്സപ്പെടുന്നതിനു പിന്നാലെ ചോര്‍ച്ചയിലൂടെയുള്ള ജലനഷ്ടവും ഏറെയാണ്. ഉല്‍പാദിപ്പിക്കുന്നതിന്‍െറ 35 ശതമാനം വെള്ളവും കണക്കില്‍പെടാതെ നഷ്ടമാകുന്നെന്നാണ് അനൗദ്യോഗിക കണക്ക്. 1050 മില്യണ്‍ ലിറ്റര്‍ വെള്ളം ഇത്തരത്തില്‍ പോകുന്നതോടെ 1.57 കോടി രൂപയാണ് ജലഅതോറിറ്റിയുടെ പ്രതിദിനനഷ്ടം.
ഇതു കണക്കിലെടുത്താണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിന്‍െറ (കിഫ്ബി) സാമ്പത്തിക സഹായത്തോടെ പൈപ്പുകള്‍ മാറ്റുന്നത്. ഫെബ്രുവരിയില്‍ ചേരുന്ന കിഫ്ബി ബോര്‍ഡ് യോഗം പദ്ധതിക്ക് അനുമതി നല്‍കുമെന്നാണ് വിവരം. പൊട്ടുന്നതില്‍ അധികവും പഴക്കം ചെന്ന ആസ്ബറ്റോസ്, കോണ്‍ക്രീറ്റ് പൈപ്പുകളാണ്. പൈപ്പുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രത്യേക ജലവിതരണക്കുഴല്‍ നയത്തിന് 2013ല്‍ രൂപം നല്‍കിയിരുന്നു.
പുതിയ പദ്ധതികളിലും അറ്റകുറ്റപ്പണിയിലും ഇതിന്‍െറ അടിസ്ഥാനത്തിലാണ് പൈപ്പുകള്‍ തെരഞ്ഞെടുക്കുന്നത്. ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ കണക്ഷനുകള്‍ക്കായി ആപേക്ഷിക്കുന്നുണ്ട്. ഇതിനു പുറമേ അടുത്ത അഞ്ചുവര്‍ഷത്തിനുള്ള 10 ലക്ഷം കണക്ഷനുകള്‍ നല്‍കാനാണ് ജലവകുപ്പിന്‍െറ തീരുമാനം.
ഇതിനോടകം 1257.3 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഷൊര്‍ണൂര്‍-35 കോടി, തിരുവല്ല-58, കൊല്ലം-235, കാസര്‍കോട്-76, പൊന്നാനി-74.4, കൊയിലാണ്ടി-85, തൊടുപുഴ-34, കോട്ടയം-50, തൃശൂര്‍-185, മട്ടന്നൂര്‍ -76.6 എന്നിങ്ങനെ മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കും വേണ്ടിയുള്ള 909 കോടിയുടെ പദ്ധതിയാണ് ഇതില്‍ പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.