സീറ്റിനൊപ്പം സ്ഥാനാർഥിയും; പിറവത്ത് സി.പി.എം 'തിരക്കഥ'
text_fieldsകോട്ടയം: പിറവത്തേക്ക് ഡോ. സിന്ധുമോൾ ജേക്കബ് എത്തിയത് സി.പി.എം 'തിരക്കഥയിൽ'. സിന്ധുവിനെ കടുത്തുരുത്തിയിൽ പരിഗണിക്കാമെന്ന നിർദേശം നേരത്തേ സി.പി.എം നേതൃത്വം ജോസ് കെ.മാണിക്ക് മുന്നിൽ വെച്ചിരുന്നു.
പിറവത്ത് ജില്സ് പെരിയപ്പുറത്തിനായിരുന്നു പ്രഥമ പരിഗണന. എന്നാൽ സാമുദായിക സമവാക്യം കണക്കിലെടുത്ത് യാക്കോബായ സ്ഥാനാർഥി പിറവത്ത് വേണമെന്ന നിർദേശം സി.പി.എം മുന്നോട്ടുവെച്ചു.
യാേക്കാബായ വിശ്വാസികൾ ഏറെയുള്ള പെരുമ്പാവൂരിൽ മറ്റൊരു വിഭാഗത്തിൽനിന്നുള്ളയാൾ സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെ പിറവത്ത് യാക്കോബായ സഭക്ക് പ്രാതിനിധ്യം നൽകാൻ സി.പി.എം ഇടപെടുകയായിരുന്നു. സി.പി.എം നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന സിന്ധുമോളുമായും നേതാക്കൾ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിരുന്നു.
അതേസമയം, പ്രാദേശിക ഘടകത്തിൽ ഇത് സംബന്ധിച്ച് സൂചന ലഭിച്ചിരുന്നില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി അംഗമായ ഇവർ സ്വതന്ത്രയായി മത്സരിച്ചതിൽ താഴേത്തട്ടിലെ പാർട്ടി പ്രവർത്തകർക്ക് പ്രതിഷേധവുമുണ്ടായിരുന്നു. ഇത് പുറത്താക്കലിൽ പ്രതിഫലിച്ചപ്പോൾ സി.പി.എം കോട്ടയം ജില്ല നേതൃത്വം ഇവരെ പുകഴ്ത്തി രംഗത്തെത്തിയത് 'ധാരണ'യുടെ തെളിവായി.
കുത്താട്ടുകുളം സ്വദേശിയായ സിന്ധുമോൾ മൂവാറ്റുപുഴ നിർമല കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുേമ്പാൾ എ.ഐ.എസ്.എഫ് പ്രവർത്തകയായിരുന്നു. ഹോമിയോ ഡോക്ടറായ ഇവർ വിവാഹത്തോടെ ഉഴവൂരിലെത്തി 2005ൽ ഇടതുസ്വതന്ത്രയായി മത്സരിച്ച് പഞ്ചായത്ത് പ്രസിഡൻറുമായി. 2010, 2015 വർഷങ്ങളിലും ഉഴവൂർ പഞ്ചായത്ത് അംഗമായി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്രയായി മത്സരിച്ച് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായി. സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ ഉപദേശകസമിതി ചെയർമാനായ കോട്ടയം അഭയം സൊസൈറ്റിയുടെ ജില്ല കമ്മിറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ പാലാ ഏരിയ കമ്മിറ്റി അംഗം, ഡോ. കെ.ആർ. നാരായണൻ ഫൗണ്ടേഷൻ വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചുവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.