ബി.ജെ.പി പിന്തുണ നിരസിച്ച് പിരായിരിയിൽ പ്രസിഡന്റിന്റെ രാജി
text_fieldsപിരായിരി: ബിജെപി പിന്തുണയിൽ പിരായിരി പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റ എൽ.ഡി.എഫിലെ സുഹറ ബഷീർ തിങ്കളാഴ്ച രാവിലെ രാജിവെച്ചു. എൽ.ഡി.എഫ് ഘടകകക്ഷിയായ ജനതാദൾ-എസ് (കൃഷ്ണൻകുട്ടി വിഭാഗം) അംഗമാണ് സുഹറ.
യു.ഡി.എഫ് ധാരണയനുസരിച്ച് രണ്ടര വർഷം കാലാവധി പൂർത്തീകരിച്ച കോൺഗ്രസ് പ്രസിഡന്റ് സുമതി, സ്ഥാനം മുസ്ലിം ലീഗിലെ ഷെറീന ബഷീറിന് കൈമാറാനായി രാജിവൈച്ചിരുന്നു. വെള്ളിയാഴ്ച ഷെറീന ബഷീർ സ്ഥാനം ഉറപ്പിച്ച് അംഗങ്ങളുടെ പിന്തുണ അറിയിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ചിത്രം മാറിമറിഞ്ഞ് സുഹറയെ പ്രസിഡന്റ് സ്ഥാനം തേടിയെത്തിയത്.
ബി.ജെ.പിക്കാരായ മൂന്നുപേർ യു.ഡി.എഫ് ഭരണത്തോടുള്ള പ്രതിഷേധത്തിൽ എൽ.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു. എൽ.ഡി.എഫിലെ മുഖ്യകക്ഷിയായ സി.പി.എമ്മുകാർ വിവരമറിഞ്ഞതും അതൃപ്തി രേഖപ്പെടുത്തി. ജനതാദൾ-എസിലെ നേതാക്കളെ ബന്ധപ്പെട്ട് സുഹറയെ രാജിവെപ്പിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് തീരുമാനം എടുത്തപ്പോഴേക്കും വെള്ളിയാഴ്ച സമയം വൈകി.
ശനിയും ഞായറും അവധിയായതിനാൽ തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിലെത്തി സുഹറ സെക്രട്ടറി രാജ്കുമാറിന് രാജിക്കത്ത് നൽകുകയായിരുന്നു. പുതിയ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംവരെ വെള്ളിയാഴ്ച വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസുകാരനായ എസ്. സാദിഖിന് പ്രസിഡന്റിന്റെ ചുമതല നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.