കള്ളപ്രചാരണം നടത്തുന്നതിൽ ജോസ് കെ. മാണി മിടുക്കൻ -പി.ജെ. ജോസഫ്
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ്(മാണി) നേതാവ് ജോസ് കെ മാണിക്കെതിരെ കടുത്ത വിമർശനവുമായി പി.ജെ. ജോസഫ്. ഒറ്റക്ക് നിൽക്കുമെന്ന ജോസ് കെ. മാണിയുടെ തീരുമാനത്തെ ജോസഫ് പരിഹസിച്ചു. ഒറ്റക്ക് നിന്ന് ശക്തി തെളിയിക്കുന്നത് നല്ല കാര്യമാണെന്നും അതിനെ താൻ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.ജോസഫ് ഗീബൽസിൻെറ കേരളത്തിലെ അനുയായിയാണ് ജോസ് കെ. മാണിയെന്നും അത്രയും നുണകളാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും പി.ജെ. ജോസഫ് ആരോപിച്ചു.
പാല തെരഞ്ഞെടുപ്പിൽ ജയ സാധ്യതയുള്ള സ്ഥാനാർഥിയെ തെരഞ്ഞെടുക്കാൻ ഓരോരുത്തരും പാനൽ തയാറാക്കിയ ശേഷം അതിൽ നിന്ന് സ്ഥാനാർഥിയെ യു.ഡി.എഫ് തെരഞ്ഞെടുക്കുമെന്നും തീരുമാനിച്ചു. എന്നാൽ ജോസ് കെ. മാണി സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിശ്ചയിച്ചു. ചിഹ്നം വേണ്ടെന്നാണ് അന്ന് പറഞ്ഞത്. ചിഹ്നം ആവശ്യപ്പെടാൻ അവർ തയാറായില്ല. എന്നാൽ പിന്നീട് ചിഹ്നം നൽകിയില്ലെന്നും അത് തൻെറ കുറ്റമാണെന്നും പറഞ്ഞു. അതല്ലെ ഏറ്റവും വലിയ നുണയെന്ന് ജോസഫ് ചോദിച്ചു.
ജോസ് കെ. മാണി പറയുന്നത് മുഴുവൻ കള്ളമാണ്. കള്ളപ്രചാരണം നടത്തുന്നതിൽ ജോസ് കെ. മാണി മിടുക്കനാണ്. തോൽവി സ്വയം ഏറ്റുവാങ്ങിയ ശേഷം അതിൻെറ ഉത്തരവാദിത്തം തനിക്കാണെന്ന് പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ല. കേരള കോൺഗ്രസിനെ സ്നേഹിക്കുന്നവർ ജോസിൻെറ കൂടെ നിൽക്കില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു.
കോട്ടയം ജില്ല പഞ്ചായത്തിൽ സി.പി.എമ്മുമായി ചേർന്ന് അവർ കാലുമാറാനും മുന്നണിയിൽ നിന്ന് വിട്ടുപോകാനും എല്ലാ ശ്രമങ്ങളും നടത്തി. തങ്ങൾ ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് തിരിച്ച് മുന്നണിയിൽ എത്തിയത്. അതൊന്നും ജനങ്ങൾ മറന്നിട്ടില്ല.
ജോസ് കെ. മാണിക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കാം. എന്നാൽ കള്ള പ്രചാരണം നടത്തി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും ജോസഫ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.