ലോക്സഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ട്; അർഹതയുണ്ട് -പി.ജെ. ജോസഫ്
text_fieldsഇടുക്കി: ലോക്സഭയിലേക്ക് മത്സരിക്കാന്‍ താൽപര്യമുണ്ടെന്ന് കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എൽ.എ. തിങ്കളാഴ്ച വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റെന്ന ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുകയാണ്. കേരള കോണ്‍ഗ്രസുകള്‍ യോജിച്ച സാഹചര്യത്തില്‍ രണ്ടു സീറ്റ് വേണമെന്ന ആവശ്യം ന്യായമാണ്.
കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം രാഹുല്‍ ഗാന്ധിക്ക് മുന്നിലും ഉന്നയിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ മൂന്നു സീറ്റുവരെ പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. പാർട്ടി രണ്ടായ ശേഷം തെൻറ നേതൃത്വത്തിലെ കേരള കോൺഗ്രസിന് രണ്ട് പാർലമെൻറ് സീറ്റുണ്ടായിരുന്നു. മൂന്ന് സീറ്റ് കേരള കോൺഗ്രസിനുണ്ടായിരുന്ന ഘട്ടത്തിലും ലീഗിന് രണ്ട് സീറ്റായിരുന്നു. അതിനാല്‍ പാർട്ടിയുടെ രണ്ടു സീറ്റ് ആവശ്യത്തെ മറ്റു പാര്‍ട്ടികളുമായി താരതമ്യപ്പെടുത്തേണ്ട കാര്യമില്ല.
രണ്ടു സീറ്റുകിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. ആരു മത്സരിക്കുമെന്നത് പാര്‍ട്ടി തീരുമാനിക്കും. കോട്ടയം സീറ്റില്‍ നിഷ ജോസ് കെ. മാണിയാണ് സ്ഥാനാർഥിയെന്ന തരത്തിലെ പ്രചാരണങ്ങള്‍ അഭ്യൂഹം മാത്രമാണ്. പാർട്ടി തീരുമാനിച്ചാൽ കോട്ടയത്ത് മത്സരിക്കുന്നതിനും തടസ്സമില്ല. ചൊവ്വാഴ്ച കൊച്ചിയില്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചക്കു ശേഷം പാര്‍ട്ടിയുടെ നിലപാടില്‍ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.