രണ്ടില പോയി; രണ്ടുംകൽപിച്ച് ജോസഫ്
text_fieldsതൊടുപുഴ: ഒരു 'ചിഹ്ന'ക്കാര്യം ഇത്ര വലിയ തർക്കമായി വളരുകയും അത് രണ്ട് പാർട്ടികളുടെ ലയനത്തിന് കാരണമാകുകയും ചെയ്യുന്നത് കേരളത്തിെൻറ രാഷ്ട്രീയ ചരിത്രത്തിലെ അപൂർവതയാകും. രണ്ടിലക്കായി അവസാനംവരെ പൊരുതിയ ശേഷമാണ് പി.ജെ. ജോസഫ് രണ്ടും കൽപിച്ച് തന്ത്രപരമായ നീക്കം നടത്തിയത്. ഇതിലൂടെ പി.സി. തോമസിന് നഷ്ടപ്പെടാനൊന്നുമില്ല, ജോസഫിനാകെട്ട നേടാൻ ഏറെയുണ്ട് താനും. ജോസഫ് നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് 2019ലെ പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം സ്ഥാനാർഥിയായി പത്രിക നൽകിയ ടോം ജോസിന് രണ്ടില ചിഹ്നം നിഷേധിച്ചത്. തുടർന്ന് കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളായ ജോസഫും ജോസ് കെ. മാണിയും ചിഹ്നത്തിെൻറ പേരിൽ ചിന്നംവിളി തുടങ്ങി. രണ്ടില ചിഹ്നം ജോസിന് നൽകാനായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം.
ഇതിനെതിരെ ജോസഫ് നൽകിയ ഹരജി ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളി. വിധി ചോദ്യംചെയ്ത് ജോസഫ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം പരിശോധിക്കാതെയാണ് ജോസിന് ചിഹ്നം അനുവദിച്ചതെന്ന ജോസഫിെൻറ വാദം കോടതി നിരാകരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരുകൂട്ടരുടെയും പിടിവലി മുറുകിയതോടെ രണ്ടില ചിഹ്നം മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമീഷൻ, ജോസഫിന് ചെണ്ടയും േജാസിന് ടേബിൾ ഫാനുമാണ് അനുവദിച്ചത്. രണ്ടില തോറ്റ പാർട്ടിയുടെ ചിഹ്നമാണെന്നും അത് ജോസ് കൊണ്ടുപോയ്ക്കൊള്ളെട്ട എന്നും അതിനേക്കാൾ നല്ല ചിഹ്നം ചെണ്ടയാണെന്നും ഫലം വന്നപ്പോൾ ജോസഫ് പറഞ്ഞു.
ഇനി രണ്ടില കിട്ടിയാലും ചെണ്ട ഒൗദ്യോഗിക ചിഹ്നമാക്കാൻ ആേലാചിക്കുകയാണെന്നും തെൻറ മണ്ഡലത്തിലെ 25 പേരെ ചെണ്ട പരിശീലിപ്പിക്കുമെന്നുംവരെ ജോസഫ് പറഞ്ഞു. അപ്പോഴും മനസ്സിൽ രണ്ടില വാടാതെനിന്ന ജോസഫ്, ഹൈകോടതി വിധി റദ്ദാക്കാൻ സുപ്രീംകോടതിയെ സമീപിച്ചു. പക്ഷേ, അവിടെയും തിരിച്ചടിയായിരുന്നു. ഇതോടെയാണ് 'പാർട്ടിയെ പിടിച്ച് ചിഹ്നം പിടിക്കുക' എന്ന തന്ത്രം സ്വീകരിച്ചത്. പി.സി. തോമസുമായി കൈകോർക്കുേമ്പാൾ ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ് എന്ന പേരും കൈവിടാൻ മനസ്സില്ലാത്ത പാർട്ടി ചെയർമാെൻറ കസേരയും ജോസഫിന് സ്വന്തമാകുന്നു. പി.സി. തോമസിന് യു.ഡി.എഫ് മുന്നണിയിൽ ഭദ്രമായ ഇരിപ്പിടവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.