ചെയർമാനെ തിരഞ്ഞെടുത്തത് ആൾക്കൂട്ടം; നിയമപരമല്ല -പി.ജെ ജോസഫ്
text_fieldsതൊടുപുഴ: കേരള കോൺഗ്രസിലെ ഒരു വിഭാഗം ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്ത നടപടിക്ക് നിയമപരമായ സാധു തയില്ലെന്ന് വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്. പാർട്ടി ഭരണഘടന പ്രകാരമല്ലാതെ എടുത്ത ഈ തീരുമാനം നിലനിൽക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടന അനുസരിച്ചേ പാർട്ടിക്ക് പ്രവർത്തിക്കാൻ കഴിയൂ. സംസ്ഥാന കമ്മിറ്റി വിളി ക്കണമെങ്കില്‍ 10 ദിവസത്തെ നോട്ടിസ് നൽകണം. അതില്ലാതെയാണ് യോഗം വിളിച്ചത്. റിട്ടേണിങ് ഓഫിസറും യോഗത്തിൽ വേണം. ആരെയാണ് അതിനു ചുമതലപ്പെടുത്തിയത്? യോഗത്തിനെത്തിയ ബഹുഭൂരിപക്ഷം പേരും സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ല. വെറും ആൾക്കൂട്ടം ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കുകയായിരുന്നു. കേരള കോൺഗ്രസിന്‍റെ ചരിത്രത്തിൽ ഇത്തരത്തിലൊരും നീക്കമുണ്ടായിട്ടില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസിലെ ഒരു വിഭാഗമാണ് ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത്. കോട്ടയത്ത് ചേർന്ന സമാന്തര സംസ്ഥാന സമിതി യോഗമാണ് വിഷയത്തിൽ തീരുമാനമെടുത്തത്. അതേസമയം, സി.എഫ് തോമസ് അടക്കം മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തില്ല. രണ്ട് എം.എൽ.എമാരാണ് ജോസ് കെ. മാണിക്കൊപ്പമുള്ളത്. 437 അംഗം സംസ്ഥാന സമിതിയിൽ 325 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് ജോസ് കെ. മാണി വിഭാഗം അവകാശപ്പെടുന്നത്.
ചെയര്‍മാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന സമിതി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് 127 അംഗങ്ങള്‍ ഒപ്പിട്ട് കത്ത് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന് ഈ മാസം മൂന്നിന് ജോസ് കെ. മാണി വിഭാഗം കൈമാറിയിരുന്നു. എന്നാൽ, സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന നിലപാടിൽ ജോസഫ് ഉറച്ചുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് കത്തില്‍ ഒപ്പിട്ടവരിൽ മുതിര്‍ന്ന നേതാവായ തൊടുപുഴയിൽനിന്നുള്ള പ്രഫ. കെ.എ. ആൻറണി യോഗം വിളിച്ചത്. പി.ജെ. ജോസഫടക്കം മുഴുവൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് കത്തും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.