‘മാണി വിഭാഗത്തിന് എൽ.ഡി.എഫിൽ ഒരു വോയിസും ഇല്ല, സ്വാധീനമുണ്ടെങ്കിൽ വന നിയമം നടക്കുമോ?’; യു.ഡി.എഫിലേക്കുള്ള മടക്കം എളുപ്പമല്ലെന്ന് അപു ജോൺ ജോസഫ്
text_fieldsകോഴിക്കോട്: കേരള കോൺഗ്രസ് സംസ്ഥാന കോഓഡിനേറ്ററായും ഹൈപവർ കമ്മിറ്റിയംഗമായും നിയമിച്ചതിന് പിന്നാലെ കേരള കോൺഗ്രസ് മാണി വിഭാഗത്തിനെതിരെ പ്രതികരിച്ച് പി.ജെ. ജോസഫിന്‍റെ മകൻ അപു ജോൺ ജോസഫ്. സർക്കാറിൽ ഒരു മന്ത്രിയുണ്ടെങ്കിലും മാണി വിഭാഗത്തിന് എൽ.ഡി.എഫില്‍ ഒരു വോയിസും ഇല്ലെന്ന് അപു ജോൺ ജോസഫ് വ്യക്തമാക്കി.
അവരുടെ വകുപ്പില്‍ തന്നെ ഒരു ഫയല്‍ നീങ്ങണമെങ്കില്‍ മുഖ്യമന്ത്രി കാണണമെന്നാണ് പറയുന്നത്. അവിടെ നടക്കുന്നത് ഏകാധിപത്യ ഭരണമാണ്. കേരള കോൺഗ്രസ് എമ്മിന് രാഷ്ട്രീയമായി എൽ.ഡി.എഫ് തുടരാനാവില്ല. മാണി വിഭാഗം പ്രവര്‍ത്തകര്‍ക്ക് ഒരു കാലത്തും സി.പി.എമ്മുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം ഉള്‍ക്കൊള്ളാനാവില്ല. ആശയപരമായ ഭിന്നതകളുണ്ടെന്നും അപു ജോൺ പറഞ്ഞു.
എൽ.ഡി.എഫിലോ സംസ്ഥാന സർക്കാറിലോ എന്തെങ്കിലും സ്വാധീനമുള്ള പാർട്ടിയാണ് കേരള കോൺഗ്രസ് മാണി വിഭാഗമെങ്കിൽ വന സംരക്ഷണ നിയമം നടക്കുമോ എന്ന് അപു ജോൺ ചോദിച്ചു. വന നിയമം, വെള്ളക്കരം- വൈദ്യുതി നിരക്ക് വർധന എല്ലാം ചോദ്യം ചെയ്യേണ്ട കാര്യങ്ങളല്ലേ?. മാണി സാര്‍ സംസാരിക്കുന്നതും മറ്റു നേതാക്കള്‍ സംസാരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. എൽ.ഡി.എഫിൽ മാണി വിഭാഗം നിസ്സഹായരാണ്. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. യു.ഡി.എഫിലേക്ക് വന്നാൽ പോലും അവർക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളിൽ പരിമിതിയുണ്ട്.
യു.ഡി.എഫിലേക്കുള്ള മടങ്ങിവരവിലും മാണി വിഭാഗത്തിന് ആശങ്കയുണ്ടാകും. പ്രായോഗിക രാഷ്ട്രീയംവച്ച് നോക്കിയാല്‍ യു.ഡി.എഫിലേക്കുള്ള വരവ് എളുപ്പമല്ല. യു.ഡി.എഫില്‍ ആയിരുന്നപ്പോള്‍ മത്സരിച്ചിരുന്ന എല്ലാ സീറ്റുകളിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മാണി വിഭാഗക്കാര്‍ മത്സരിച്ചു. കോട്ടയം ജില്ലയിലെ 30 ശതമാനം സീറ്റുകളിലും അവര്‍ തോറ്റു. മുമ്പ് ജയിച്ചിരുന്ന സീറ്റുകളിൽ ജയിച്ചത് കോണ്‍ഗ്രസ് അല്ലെങ്കില്‍ ജോസഫ് വിഭാഗം പ്രവര്‍ത്തകരാണ്. മാണി വിഭാഗക്കാര്‍ തിരിച്ചു വരുമ്പോള്‍ അതേ സീറ്റുകള്‍ പ്രതീക്ഷിക്കും. എന്നാൽ, ഏതെങ്കിലും സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസോ, ജോസഫ് വിഭാഗമോ തയാറാകുമോ?. സി.പി.എമ്മിന്‍റെ കുത്തക സീറ്റുകളിൽ മത്സരിച്ചാല്‍ തോറ്റുപോകും. ഇത്തരം പ്രശ്നങ്ങളില്‍ ചര്‍ച്ചകള്‍ നിലക്കും.
സമാനസ്ഥിതിയാണ് സംസ്ഥാന നിയമസഭയിലും. മുസ് ലിം ലീഗ് തിരുവമ്പാടി സീറ്റ് വിട്ടുകൊടുക്കും എന്നൊക്കെ കേള്‍ക്കുന്നു. ലീഗ് അങ്ങനെ സീറ്റ് വിട്ടുകൊടുത്താല്‍ പകരം കോണ്‍ഗ്രസ് സീറ്റ് നൽക്കേണ്ടിവരും. മാണി വിഭാഗം പരാജയപ്പെട്ട ഏഴു സീറ്റുകളില്‍ ജയിച്ച കോണ്‍ഗ്രസ്, ജോസഫ് വിഭാഗം സിറ്റിങ് എം.എല്‍.എമാര്‍ സീറ്റ് വിട്ടുകൊടുക്കുമോ?. അതിനാൽ പ്രായോഗിക രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ മുന്നണിമാറ്റം അത്ര എളുപ്പമല്ല മാണി വിഭാഗത്തെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരാനായി ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇക്കാര്യം ജോസ് കെ. മാണിയും നിഷേധിച്ചിട്ടുണ്ട്. മാണി വിഭാഗത്തിന്‍റെ മടങ്ങി വരവിൽ മറുപടി പറയേണ്ടത് ജോസഫ് വിഭാഗം നേതാക്കളാണെന്നും അപു ജോൺ ജോസഫ് വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഇന്നലെ കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് ഉന്നതാധികാരസമിതി യോഗത്തിലാണ് പി.ജെ. ജോസഫിന്‍റെ മകൻ അപു ജോൺ ജോസഫിനെ പാർട്ടി സംസ്ഥാന കോഓഡിനേറ്ററായും ഹൈപവർ കമ്മിറ്റിയംഗമായും നിയമിച്ചത്. എൻ.സി.പി വിട്ട് കേരള കോൺഗ്രസിൽ എത്തിയ റെജി ചെറിയാനെയും കെ.എം. മാണിയുടെ മരുമകൻ എം.പി. ജോസഫിനെയും വൈസ് ചെയർമാന്മാരാക്കിയിട്ടുണ്ട്.
പുതിയ നിയമനത്തിലൂടെ പാർട്ടിയിലെ ആദ്യത്തെ അഞ്ച് പ്രധാനികളിലൊരാളായി അപു മാറി. മക്കൾ രാഷ്ട്രീയത്തിന് ഏറെ വേരോട്ടമുള്ള കേരള കോൺഗ്രസ് പാർട്ടികളിൽ ജോസഫ് ഗ്രൂപ്പും അത് പിന്തുടരുന്നതിന്റെ സൂചനയായി അപുവിന്റെ സ്ഥാനക്കയറ്റം. വരുന്ന തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ നിന്ന് അപു മത്സരിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.