നിർബന്ധിച്ചാൽ പലതും പറയേണ്ടിവരും -കുര്യൻ
text_fieldsനെടുമ്പാശ്ശേരി: ഉമ്മൻ ചാണ്ടി തനിക്ക് ചെയ്തുതന്ന ഉപകാരങ്ങളെക്കുറിച്ച് വിളിച്ചുപറഞ്ഞാൽ തനിക്കും പലതും പറയേണ്ടതായിവരുമെന്ന് പി.ജെ. കുര്യൻ. രാജ്യാന്തര വിമാനത്താവളത്തിൽ വാർത്തലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2012ൽ തെൻറ സ്ഥാനാർഥിത്വം വന്നപ്പോൾ മാത്രമാണ് മലബാറിൽനിന്ന് ഒരാൾ വേണമെന്ന് ഉമ്മൻ ചാണ്ടിക്ക് തോന്നിയത്. അതിനുമുമ്പ് അങ്ങനെയൊരാഗ്രഹം അദ്ദേഹത്തിന് തോന്നിയിട്ടില്ല. ഇപ്പോൾ മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് ചെറുപ്പക്കാർ വേണമെന്ന ആഗ്രഹം തോന്നിയിരിക്കുന്നത്. അക്ഷരാർഥത്തിൽ ചെറുപ്പക്കാരെ ഉപയോഗപ്പെടുത്തി തന്നെ അധിക്ഷേപിക്കുകയാണ് ഉമ്മൻ ചാണ്ടി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
സീറ്റ് കിട്ടിയാൽ മാത്രമാണ് കേരള കോൺഗ്രസ് മുന്നണിയിലേക്ക് വരുകയെന്ന് ഹൈകമാൻഡിനെ ഉമ്മൻ ചാണ്ടി തെറ്റിദ്ധരിപ്പിച്ചുവെന്ന് നേരത്തേ ഡൽഹിയിൽ അദ്ദേഹം ആരോപിച്ചിരുന്നു. തന്നെ സ്ഥാനാർഥിയാക്കാനായിരുന്നു ഹൈകമാൻഡിന് താൽപര്യം. ഹൈകമാൻഡ് വൃത്തങ്ങൾ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ വ്യക്തിവിരോധവും വ്യക്തിതാൽപര്യവും തന്നെ ഒഴിവാക്കുന്നതിന് പിന്നിലുണ്ട്.
ഉമ്മൻ ചാണ്ടിയുടെ ഗ്രൂപ്പിലുൾപ്പെട്ട ആളായിരുന്നു താൻ. അമിതമായ ഗ്രൂപ്പിസം ദോഷംചെയ്യുമെന്നുകണ്ട് താൻ വിട്ടു. അതുകൊണ്ടു 2012ൽ ഉമ്മൻ ചാണ്ടി തന്നെ വെട്ടാൻ നോക്കി. അന്ന് എ.കെ. ആൻറണിയും രമേശ് ചെന്നിത്തലയും പിന്തുണച്ചുവെന്നും കുര്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.