പാതിരാക്ക് സ്ത്രീകൾക്ക് മെസേജ് പോയിട്ടില്ല, ഞാൻ ആരുടേം കൊച്ചാപ്പയുമല്ല; കെ.ടി ജലീലിനെതിരെ അബ്ദുറബ്ബ്
text_fieldsമുൻ മന്ത്രി കെ.ടി ജലീൽ എം.എൽ.എയും ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബും തമ്മിലുള്ള വാക്പോര് സമൂഹമാധ്യമങ്ങളിൽ വീണ്ടും കനക്കുന്നു. 'തലയില്‍ ആൾത്താമസമില്ലാത്ത ഇരുകാലികള്‍ക്കു കയറിക്കിടക്കാന്‍ കൂടുണ്ടായിട്ട് കാര്യമില്ലെന്ന' കെ.ടി ജലീലിന്റെ ഫേസ്ബുക്കിലെ പരിഹാസത്തിനാണ് അബ്ദുറബ്ബ് ശക്തമായി തിരിച്ചടിച്ചിരിക്കുന്നത്.
'ഗംഗയെന്നോ ഗ്രെയ്സെന്നോ വീടിന്റെ പേരെന്തുമാവട്ടെ, ആ വീട്ടിൽ നിന്നും അർധരാത്രികളിൽ ആരോപണ വിധേയരായ സ്ത്രീകൾക്ക് വാട്സാപ്പ് മെസേജുകൾ പോയിട്ടില്ല, മണിക്കൂറുകൾ ഫോണിൽ അവരുമായി സംസാരിച്ചിട്ടുമില്ല' എന്നായിരുന്നു അബ്ദുറബ്ബിന്റെ മറുപടി. സമൂഹമാധ്യമത്തിലൂടെയാണ് ഇത്തവണയും ജലീലിന്റെ പരിഹാസത്തിന് മറുപടിയുമായി അബ്ദുറബ്ബ് രംഗത്തെത്തിയത്. അബ്ദുറബ്ബ് മന്ത്രിയായിരിക്കെ ഔദ്യോഗിക ഭവനമായ ഗംഗയുടെ നാമം ഗ്രെയ്സ് എന്ന മാറ്റിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതുകൂടി സൂചിപ്പിച്ചാണ് ജലീലിനുള്ള മറുപടികളുടെ തുടക്കം.
കെ.ടി. ജലീലിന്റെ പരിഹാസങ്ങൾക്കെല്ലാം എണ്ണിയെണ്ണി മറുപടിയും നൽകുന്നുണ്ട്. 'തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണാനും പോയിട്ടില്ല, ലോകായുക്ത കണ്ണുരുട്ടിയപ്പോൾ മന്ത്രി സ്ഥാനം രാജിവ്ക്കേണ്ടി വന്നിട്ടുമില്ല, യുവത്വ കാലത്ത് പാതിരാത്രികളിൽ 'ഇന്ത്യയുടെ മോചനം ഇസളലാമിലൂടെ' എന്നു പോസ്റ്ററൊട്ടിക്കാനും പോയിട്ടില്ല, ആകാശത്തുകൂടെ വിമാനം പോകാൻ മഹല്ലു കമ്മിറ്റിയുടെ അനുമതി വേണോ എന്നു പണ്ഡിത ശ്രേഷ്ഠൻമാരോട് തർക്കിച്ചിട്ടില്ല. എ.കെ.ജിയും ഇ.എം.എസ്സും സ്വർഗ്ഗത്തിലല്ലെങ്കിൽ ആ സ്വർഗ്ഗത്തിലേക്ക് ഞാനില്ലെന്ന വാശിയും എനിക്കില്ല' എന്നിങ്ങനെ പോകുന്നു ജലീലിന് അബ്ദുറബ്ബിന്റെ മറുപടി.'ഞാനാരുടെയും കൊച്ചാപ്പയുമല്ലെ'ന്ന പരിഹാസത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ലോക കേരള സഭ മുസ്‌ലിം ലീഗ് ബഹിഷ്ക്കരിച്ചതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ കെ.ടി ജലീലും പി.കെ. അബ്ദുറബ്ബും വാക്പോരിനു തുടക്കമായത്. ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാടിനെ ലോക കേരളസഭയിൽ പങ്കെടുത്ത് എം.എ. യൂസഫലി കടുത്ത ഭാഷയിൽ വിമർശിച്ചതിനു പിന്നാലെ പരോഷ വിമർശനവുമായി ലീഗ് നേതാവ് കെ.എം. ഷാജി രംഗത്തെത്തിയിരുന്നു. നരേന്ദ്രമോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിച്ചയാളാണു ലീഗിനെ വിമർശിക്കുന്ന വ്യവസായിയെന്നും ലീഗിനെ വിമർശിക്കാൻ വന്നാൽ വിവരമറിയുമെന്നായിരുന്നു ഷാജിയുടെ വിമർശനം.ഈ പ്രസ്താവനയെ ലീഗ് നേതൃത്വം തള്ളിയിരുന്നു. എസ്.എസ്.എൽ.സി റിസൾട്ട് പുറത്തുവന്ന ദിവസം അബ്ദുറബ്ബ് ഫേസ്ബുക്കിലിട്ട കുറിപപും വൈറലായിരുന്നു.
അബ്ദുറബ്ബിന്റെ പോസ്റ്റിന്റെ പൂർണരൂപം
ഗംഗയെന്നോ, ഗ്രെയ്സെന്നോ,
വീട്ടിന്റെ പേരെന്തുമാവട്ടെ...!
ആ വീട്ടിൽ നിന്നും അർധരാത്രികളിൽ
ആരോപണ വിധേയരായ സ്ത്രീകൾക്ക്
വാട്ട്സപ്പ് മെസേജുകൾ പോയിട്ടില്ല.
മണിക്കൂറുകൾ ഫോണിൽ അവരുമായി സംസാരിച്ചിട്ടുമില്ല.
തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണാനും പോയിട്ടില്ല.
ലോകായുക്ത കണ്ണുരുട്ടിയപ്പോൾ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിട്ടുമില്ല.
യുവത്വ കാലത്ത് പാതിരാത്രികളിൽ
'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ'
എന്നു പോസ്റ്ററൊട്ടിക്കാനും പോയിട്ടില്ല.
കേരളയാത്രക്കാലത്ത് നടുറോഡിൽ
വെച്ച് പിണറായിക്കു വേണ്ടി രണ്ട്
റകഅത്ത് സുന്നത്ത് നമസ്കാരവും
നടത്തിയിട്ടില്ല.
എക്സ്പ്രസ് ഹൈവേ നാട്ടിലെ
സമ്പന്നർക്കു വേണ്ടിയാണെന്ന് പറഞ്ഞ്
ഖുർആനും, ഹദീസുമോതി അതിനെതിരെ പ്രസംഗിച്ചിട്ടില്ല.
ആകാശത്തുകൂടെ വിമാനം പോകാൻ
മഹല്ലു കമ്മിറ്റിയുടെ അനുമതി വേണോ
എന്നു പണ്ഡിത ശ്രേഷ്ഠൻമാരോട് തർക്കിച്ചിട്ടില്ല.
AKG യും, EMS ഉം സ്വർഗ്ഗത്തിലല്ലെങ്കിൽ
ആ സ്വർഗ്ഗത്തിലേക്ക് ഞാനില്ലെന്ന
വാശിയും എനിക്കില്ല...!
അഞ്ചു തവണ നിയമസഭാംഗമായെങ്കിലും
നിയമസഭക്കകത്ത് കയറി ഞാൻ ഗുണ്ടായിസം കളിച്ചിട്ടില്ല.
ഞാനാരുടെയും കൊച്ചാപ്പയുമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.