‘പിണറായി ഇതിഹാസം തീർത്ത രാജ, അൻവർ കടന്നൽ രാജ; സഖാക്കൾക്ക് ഹരികൃഷ്ണൻസ് ക്ലൈമാക്സ്’ -പി.കെ. അബ്ദുറബ്ബ്
text_fieldsമലപ്പുറം: കേരളത്തിലെ സഖാക്കളുടെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ ഹരികൃഷ്ണൻസ് സിനിമയിലെ ഇരട്ട ക്ലൈമാക്സ് ആണ് ഓർമവരുന്നതെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. ‘തെക്ക്- വടക്ക് സഖാക്കൾക്ക് പിണറായി സഖാവാണ് ഹീറോ, അഥവാ ഇതിഹാസം തീർത്ത രാജ!!. തെക്കിനും വടക്കിനുമിടയിൽ ചിലർക്കോ അൻവറാണ് ഹീറോ, അഥവാ കടന്നൽ രാജ!!!. കേരളത്തിലെ സഖാക്കളുടെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ ‘ഹരികൃഷ്ണൻസ്’ സിനിമയിലെ ക്ലൈമാക്സ് ആണ് ഓർമ്മയിൽ വരുന്നത്’ -അബ്ദുറബ്ബ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണൻസ് സിനിമയിൽ ഹരിയും കൃഷ്ണനും ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നതായിരുന്നു കഥ. ഇതിന് രണ്ട് തരം ക്ലൈമാക്സായിരുന്നു സംവിധായകൻ ഒരുക്കിയത്. ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹൻലാലും അഭിനയിച്ചു. ബോളിവുഡ് താരം ജൂഹി ചൗളയുടെ ‘മീര’ ആയിരുന്നു നായിക. ഹരിയും കൃഷ്ണനും സ്നേഹിക്കുന്ന കഥാപാത്രം. കേരളത്തിൽ ചില ഭാഗങ്ങളിൽ വിതരണം ചെയ്ത സിനിമയിൽ മീരയെ ഹരിക്ക് കിട്ടുന്നതായിരുന്നു ക്ലൈമാക്സ്. എന്നാൽ, മറ്റുചില സ്ഥലങ്ങളിൽ പ്രദർശിപ്പിച്ച സിനിമയിൽ മീരയെ കൃഷ്ണനാണ് കിട്ടിയത്.
അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണ ഉപാധിയായാണ് ഇത്തരത്തിൽ രണ്ട് ക്ലൈമാക്സുകൾ വെച്ചതെന്ന്പിന്നീട് മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു. ഒരു നഗരത്തിൽ തന്നെ രണ്ട് തിയറ്ററുകളിൽ രണ്ട് തരം ക്ലൈമാക്സ് ഉണ്ടാകുമ്പോൾ, രണ്ടും കാണാൻ ആളുകൾ വരും എന്നുള്ള ദുർബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്തൊരു കാര്യമാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.