ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമെന്ന് പി.കെ. ഫിറോസ്; നിഷേധിച്ച് ബിനീഷ്
text_fieldsകോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻെറ മകൻ ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്. എന്നാൽ, ആരോപണം ബിനീഷ് കോടിയേരി നിഷേധിച്ചു.
ബംഗളൂരുവിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്തബന്ധമുണ്ട്. ഇക്കാര്യം സമഗ്രമായി അന്വേഷിക്കണം. സ്വര്‍ണക്കടത്ത് പ്രതികളുമായും അനൂപിന് ബന്ധമുണ്ട്. സ്വപ്ന സരേഷ് ബംഗളൂരുവിൽ പിടിക്കപ്പെട്ട ദിവസം നിരവധി തവണയാണ് ബിനീഷ് അനൂപിനെ ഫോണിൽ വിളിച്ചതെന്നും ഫിറോസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞ 22ന് ബംഗളൂരുവിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. സീരിയൽ നടി അനിഘ, ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്ത് മുഹമ്മദ് അനൂപ്, റിേജഷ് രവീന്ദ്രൻ എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. ഇതിൽ അനൂപാണ് ഇടപാടുകാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നത്.
ബിനീഷ് പണം മുടക്കി തുടങ്ങഇയ ബംഗളൂരുവിലെ ഹയാത്ത് ഹോട്ടൽ വഴിയാണ് കച്ചവടം ഉറപ്പിക്കുന്നത്. ഈ ഹോട്ടൽ വ്യവസായം തുടങ്ങാൻ ബിനീഷ് കോടിയേരിയാണ് പണം മുടക്കിയതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് മുഹമ്മദ് അനൂപ് നൽകിയ മൊഴിയിൽ പറയുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു. റിജേഷാണ് തനിക്ക് മയക്കുമരുന്ന് നൽകുന്നതെന്നും അനൂപ് മൊഴി നൽകിയിട്ടുണ്ട്.
സ്വപ്ന സുരേഷ് പിടിക്കപ്പെട്ട ജൂലൈ 10ന് മുഹമ്മദ് അനൂപിൻെറ ഫോണിലേക്ക് നിരവധി തവണ ബിനീഷ് കോടിയേരി വിളിച്ചിട്ടുണ്ട്. അനൂപിൻെറ ഫോൺ ലിസ്റ്റിൽ സ്വർണക്കടത്ത് കേസിലെ നിരവധി പേരുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
ജൂൺ 19ന് കുമരകത്ത് നടന്ന നൈറ്റ് പാർട്ടിയിൽ അനൂപും ബിനീഷ് കോടിയേരിയും പങ്കെടുത്തതായും ഫിറോസ് ആരോപിച്ചു. ചിത്രം അനൂപ് തന്നെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. ബോളിവുഡിന് പിന്നാലെ കേരളത്തിലെ സിനിമരംഗത്തും മയക്കുമരുന്ന് മാഫിയ ബന്ധമുണ്ട്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
ബിനീഷിൻെറ പോസ്റ്റുകളാണ് അനൂപ് ഫേസ്ബുക്കിൽ പങ്കുവെച്ചതിൽ അധികവും. 2019 സെപ്തംബർ 25ന് അനൂപിൻെറ മറ്റൊരു ഹോട്ടൽ ഉദ്ഘാടനത്തിന് ബിനീഷ് കോടിയേരി സംസാരിക്കുന്ന വിഡിയോയും ഫേസ്ബുക്കിലുണ്ട്. ഇവർ മയക്കുമരുന്ന് ഇടപാട് നടത്തുന്ന ബംഗളൂരുവിലെ റോയൽ സ്യൂട്ട് അപ്പാർട്ട്മെൻറിൽ ബിനീഷ് കോടിയേരി നിത്യസന്ദർശകനാണ്. ലോക്ഡൗൺ കാലത്ത് പോലും ആഴ്ചകളോളം ഇവിടെ വന്നിരുന്നതായി പരിസരവാസികൾ പറഞ്ഞതായും ഫിറോസ് വ്യക്തമാക്കി.
എന്നാൽ, അനൂപിനെ വ്യക്തിപരമായി പരിചയമുണ്ടെന്നും മയക്കുമരുന്ന് ഇടപാട് നടത്തുന്ന കാര്യം അറിയില്ലെന്നും ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ''അനൂപ് അറസ്റ്റിലായ വിവരം എനിക്ക് വളരെ ഷോക്കിങ്ങായിരുന്നു. അയാൾക്ക് ഇങ്ങനെ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന കാര്യം ഇതുവരെ അറിയില്ലായിരുന്നു. ഹോട്ടൽ തുടങ്ങാൻ എന്നോടടക്കം പണം കടംവാങ്ങിയിരുന്നു. എന്നാൽ, ആ ബിസിനസ് പിന്നീട് പരാജയപ്പെട്ടു. ബംഗളൂരുവിൽ പോകുേമ്പാൾ ഹോട്ടലിൽ റൂമെടുക്കാൻ അനൂബ് സഹായിക്കാറുണ്ടെന്നത് സത്യമാണ്. സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം ഫോൺ വിളിച്ചതും കുമരകത്തെ നിശാപാർട്ടിയും വെറുതെ പ്രചരിപ്പിക്കുന്ന കഥകളാണ്. അതിലൊന്നും കാര്യമില്ല. അത്തരം ആരോപണങ്ങൾ കാലങ്ങളായി കേൾക്കുന്നതാണ്. അതൊന്നും കാര്യമാക്കുന്നില്ല'' -ബിനീഷ് കോടിയേരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.