'കമ്യൂണിസ്റ്റ് സമഗ്രാധിപത്യം സ്വപ്നം കാണുന്ന സി.പി.എമ്മിനെന്ത് ഭരണഘടന'; വിമർശനവുമായി പി.കെ ഫിറോസ്
text_fieldsഇന്ത്യൻ ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. കമ്യൂണിസ്റ്റ് സമഗ്രാധിപത്യം സ്വപ്നം കണ്ട് എന്നും ഉണ്ണുകയും ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സി.പി.എമ്മുകാരനെന്ത് ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവുമെന്ന് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
പി.കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റ്
സി.പി.എമ്മുകാരനെന്ത് ഭരണഘടന!
കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യം സ്വപ്നം കണ്ട് എന്നും ഉണ്ണുകയും ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സി.പി.എമ്മുകാരനെന്ത് ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും?! സായുധ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള കൽക്കത്ത തീസീസ് ഒക്കെ തൽക്കാലം മാറ്റി വെച്ച ഒന്നാണെന്നല്ലേ സജി ചെറിയാൻറെ പ്രസ്താവനയിലൂടെ മനസ്സിലാക്കാനാവുന്നത്.
എന്തൊക്കെ പറഞ്ഞാലും ലോകത്തിനു മുന്നിൽ ഇന്ത്യക്കുള്ള അഭിമാനമാണ് ഭരണഘടന. അതൊരു സുപ്രഭാതത്തിൽ നാലുപേരിരുന്നു ഒരു ലോഡ് പേപ്പറും മഷിയും ഇറക്കി വൈകുന്നേരം ആവുമ്പോഴേക്ക് എഴുതിത്തീർത്ത ചിന്ത വാരികയല്ല. എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊണ്ട് എല്ലാവരെയും കേട്ട് ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങൾ ഡിബേറ്റ് ചെയ്ത് വർഷങ്ങൾ എടുത്ത് രൂപകൽപ്പന ചെയ്ത പരമോന്നത ന്യായ പുസ്തകമാണ്.
സംഘ് പരിവാർ രാജ്യം ഭരിക്കുമ്പോൾ നമ്മുടെ അവസാനത്തെ പ്രതീക്ഷ ഇപ്പോഴും ഭരണഘടനയിലല്ലേ. ഇതിൻറെ അന്തഃസത്ത തകർക്കാനല്ലേ സംഘ് പരിവാർ ആവതും ശ്രമിക്കുന്നത്. അത് തടയാൻ ഈ നാട്ടിലെ ഏറ്റവും ദുർബലനായ മനുഷ്യൻ പോലും വേച്ചു വേച്ചു നടന്ന് തെരുവിലിറങ്ങി തന്റെ ക്ഷീണിച്ച കൈകൾ പാതിയുയർത്തി പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിക്കുന്ന ഈ കാലത്ത് മന്ത്രി സജി ചെറിയാന്റെ ഭാഷ്യം ആരെയാണ് സഹായിക്കുക? ഈ രണ്ട് കൂട്ടരും നാടിനാപത്താണ് എന്ന് പറഞ്ഞ മൺമറഞ്ഞു പോയവർ എത്ര മഹത്തുക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.