'വിദേശത്തുള്ള 'വേണ്ടപ്പെട്ടവർക്കായി' ഇടപെടൽ നടത്തുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് സിദ്ദിഖ് കാപ്പനുവേണ്ടി ഇടപെടാൻ തയാറായില്ല'
text_fieldsകോഴിക്കോട്: വിദേശത്തുള്ള 'വേണ്ടപ്പെട്ടവർക്കായി' ഇടപെടൽ നടത്തുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് സിദ്ദിഖ് കാപ്പനുവേണ്ടി ഇടപെടാൻ തയാറായില്ലെന്ന് പി.കെ. ഫിറോസ്. മലയാളിയായ മാധ്യമ പ്രവർത്തകനായിട്ട് പോലും ഒരു പൗരന്‍റെ അവകാശങ്ങളെ നഗ്നമായി ലംഘിച്ചിട്ടും കേരള സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ ഇടപെടാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യത്തുള്ള 'വേണ്ടപ്പെട്ടവർക്ക്' വരെ ഇടപെടുന്ന മുഖ്യമന്ത്രി അന്യസംസ്ഥാനത്തുള്ള പ്രശ്നമായതിനാൽ ഇടപെടാൻ കഴിയില്ലെന്നാണറിയിച്ചത്. കമ്മ്യൂണിസ്റ്റുകാരായ അലനെയും താഹയെയും അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ബി.ജെ.പി സർക്കാറിന് എറിഞ്ഞു കൊടുത്തവരിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ലെന്നത് വിസ്മരിക്കുന്നില്ലെന്ന് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത് ഇന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയും ഭാരവാഹികളെയും കാണാൻ വന്നിരുന്നു. കാപ്പന്‍റെ ബന്ധുക്കൾ വരുന്നു എന്നറിഞ്ഞതിനാൽ സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡണ്ടുമായ ഹാരിസ് ബീരാനെയും വിളിച്ച് വരുത്തിയിരുന്നു.
മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ ഹാഥ്റസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റ് ചെയ്ത് യു.പി സർക്കാർ ജയിലിലടച്ചിട്ട് മൂന്നര മാസം കഴിഞ്ഞു. ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയതിന്‍റെ പേരിൽ സിദ്ദീഖിനോട് അങ്ങേയറ്റത്തെ നീതി നിഷേധമാണ് ബി.ജെ.പി സർക്കാർ ചെയ്തത്.
മലയാളിയായ മാധ്യമ പ്രവർത്തകനായിട്ട് പോലും ഒരു പൗരന്‍റെ അവകാശങ്ങളെ നഗ്നമായി ലംഘിച്ചിട്ടും കേരള സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ ഇടപെടാൻ തയ്യാറായിട്ടില്ല. വിദേശ രാജ്യത്തുള്ള 'വേണ്ടപ്പെട്ടവർക്ക്' വരെ ഇടപെടൽ നടത്തുന്ന മുഖ്യമന്ത്രി അന്യസംസ്ഥാനത്തുള്ള പ്രശ്നമായതിനാൽ ഇടപെടാൻ കഴിയില്ലെന്നാണറിയിച്ചത്. കമ്മ്യൂണിസ്റ്റുകാരായ അലനെയും താഹയെയും അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ബി.ജെ.പി സർക്കാറിന് എറിഞ്ഞു കൊടുത്തവരിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ലെന്നത് വിസ്മരിക്കുന്നില്ല.
ആരു കൈവെടിഞ്ഞാലും അവർക്ക് നിയമപരമായ എല്ലാ സഹായവും നൽകാൻ തയ്യാറാണെന്ന് മുനവ്വറലി തങ്ങൾ സിദ്ദീഖിന്‍റെ ഭാര്യയെ അറിയിച്ചു. സുപ്രീം കോടതിയിൽ സിദ്ദീഖിന്‍റെ ഭാര്യക്ക് വേണ്ടി പ്രത്യേക അഭിഭാഷകനെ ഏർപ്പെടുത്താമെന്ന് ഹാരിസ് ബീരാനും അറിയിച്ചു.
രോഗിയായ ഉമ്മയെ കാണണമെന്നുള്ള സിദ്ദീഖിന്‍റെ ആഗ്രഹം നടക്കണം. ഉപ്പയെ കാണാതെ കരഞ്ഞിരിക്കുന്ന മൂന്നു മക്കളുടെ സങ്കടത്തിന് പരിഹാരമുണ്ടാക്കണം. നീതിക്കു വേണ്ടി അലയുന്ന റൈഹാനത്തിനെ ഒറ്റപ്പെടുത്തരുത്. കേരളം സിദ്ദീഖിന്‍റെ മോചനത്തിന് ഒറ്റക്കെട്ടായി നിൽക്കട്ടെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.