ബന്ധു നിയമനം: ജലീലിനെ പുറത്താക്കണം -യൂത്ത് ലീഗ്
text_fieldsകോഴിക്കോട്: ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽ നിയമിച്ച ഡോ. കെ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബന്ധുനിയമന ആരോപണത്തില്‍ പുറത്തുവന്ന മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് കുറ്റസമ്മത മൊഴിയാണ്. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കും.
യോഗ്യതയുള്ള ഒരാളെപ്പോലും കിട്ടാത്തതിനാലാണ് ബന്ധുവിനെ നിയമിച്ചതെന്ന മന്ത്രിയുടെ വാദം ബാലിശമാണ്. 2016 സെപ്റ്റംബര്‍ 17ന് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചുവെന്ന് പറയുന്ന മന്ത്രി ഏതൊക്കെ പത്രങ്ങളിലാണ് പരസ്യം നല്‍കിയതെന്ന് വ്യക്തമാക്കണം. ഇപ്പോള്‍ നിയമിക്കപ്പെട്ട സ്ഥാനത്തേക്ക് വരാന്‍ താൽപര്യമില്ലാത്തതിനാലാണ് ബന്ധു അഭിമുഖത്തിൽ പങ്കെടുക്കാത്തതെന്ന വാദവും ഹാജരായ മൂന്നുപേര്‍ക്കും യോഗ്യതയില്ലെന്ന വാദവും വാസ്തവവിരുദ്ധമാണ്.
യോഗ്യതയില്ലാത്തവരെ അഭിമുഖത്തിന് എന്തിന് ക്ഷണിച്ചുവെന്ന് മന്ത്രി വ്യക്തമാക്കണം. ഒരു അഭിമുഖം നടത്തി യോഗ്യരായ ആളെ കിട്ടിയില്ലെങ്കില്‍ റീ-നോട്ടിഫൈ ചെയ്ത് വീണ്ടും അപേക്ഷ ക്ഷണിക്കുന്നതിനുപകരം മന്ത്രി ബന്ധുവിൽനിന്ന് മാത്രം അപേക്ഷ സ്വീകരിക്കാൻ ഏത് നിയമമാണ് അനുവദിക്കുന്നത്. 1958ലെ റൂള്‍ 9 ബി പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്റ്റാറ്റ്യൂട്ടറി ബോഡികളില്‍നിന്ന് മാത്രമേ നിയമനം നടത്താവൂ. എന്നാലിവിടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെനയാണ് നിയമിച്ചത്്.
അഴിമതിയും സ്വജനപക്ഷപാതവും വ്യക്തമായ സാഹചര്യത്തില്‍ ജലീലിനെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച കോഴിക്കോട്ടെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഒാഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീനിയര്‍ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരവും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
ബന്ധുനിയമനം: ജലീലിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണം -മുല്ലപ്പള്ളി
കോഴിക്കോട്: ബന്ധുനിയമനം നടത്തിയയെന്ന് കുറ്റസമ്മതം നടത്തിയ കെ.ടി. ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞ ലംഘനവുമാണ് നടന്നത്. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ നിയമപരവും രാഷ്ട്രീയവുമായി നേരിടുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
നേരത്തേ, മന്ത്രി ഇ.പി. ജയരാജന്‍ ബന്ധുനിയമനക്കേസില്‍ ഉള്‍പ്പെട്ട് രാജിെവച്ചതാണ്. കേരളം പ്രളയത്തില്‍ മുങ്ങിയ അവസരം നോക്കിയാണ്, സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ജയരാജനെ വെള്ളപൂശി തിരിച്ചെടുത്തത്. ഇതോടൊപ്പം വ്യവസായ വകുപ്പിലെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കപ്പെട്ട ഇ.കെ. നായനാരുടെ ചെറുമകന്‍, ആനത്തലവട്ടം ആനന്ദെൻറ മകന്‍, ഇ.പി. ജയരാജെൻറ ബന്ധു തുടങ്ങിയവരെ പുറത്താക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ടും സര്‍ക്കാര്‍ പൂഴ്ത്തി. വ്യാജരേഖ നൽകി ജോലിക്ക് കയറിയ കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകനെതിെര കേസെടുക്കണമെന്ന ശിപാര്‍ശയും സര്‍ക്കാര്‍ തള്ളിയെന്ന് മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു.
ബന്ധു നിയമനം: മന്ത്രി ജലീലിനെതിരെ യു.ഡി.എഫ്
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിെനതിരായ ബന്ധു നിയമന ആരോപണത്തിൽ നിലപാട് ശക്തമാക്കി യു.ഡി.എഫ്. കെ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്ന് മാറ്റിനിർത്തി ബന്ധു നിയമനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ബ്രൂവറി-ഡിസ്റ്റിലറി അഴിമതിക്ക് പിന്നാലെ ഇതും സർക്കാറിനെ അടിക്കാനുള്ള വടിയാക്കുകയാണ് പ്രതിപക്ഷം. മന്ത്രി ഇ.പി. ജയരാജൻ രാജിവെക്കേണ്ടിവന്നതിന് സമാന സഹാചര്യമാണിെതന്നാണ് യു.ഡി.എഫ് നേതാക്കളുടെ നിലപാട്. മന്ത്രി ജലീലിെൻറ അടുത്ത ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ ജനറൽ മാേനജറായി നിയമിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം ഉന്നയിച്ചത് മുസ്ലിം യൂത്ത് ലീഗാണ്.
ബന്ധുനിയമനം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ മന്ത്രി കെ.ടി. ജലീലിനെ മാറ്റിനിര്‍ത്തി അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം ഉണ്ടാകും.സ്വകാര്യ ബാങ്കില്‍ ജോലിചെയ്യുന്ന ആളെ ഇൻറര്‍വ്യൂ പോലും ചെയ്യാതെ മന്ത്രി വിളിച്ചുവരുത്തി നിയമനം നൽകുകയാണ് ചെയ്തത്. സി.പി.എം നേതാക്കളുടെ ബന്ധുവാണെങ്കില്‍ വഴിയെ പോയാല്‍ മതി എഴുത്തുപരീക്ഷയോ, അഭിമുഖമോ ഒന്നുമില്ലാതെ സര്‍ക്കാറിെൻറ ഉന്നതതസ്തികകളില്‍ നിയമനം ലഭിക്കും.
അനധികൃത നിയമനങ്ങളുടെ ഘോഷയാത്ര തന്നെ പിണറായി സര്‍ക്കാരിെൻറ കാലത്തുണ്ടായെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. വ്യവസായ വകുപ്പിലെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് ഇ.കെ. നായനാരുടെ ചെറുമകന്‍, ആനത്തലവട്ടം ആനന്ദെൻറ മകൻ, ഇ.പി. ജയരാജെൻറ ബന്ധു തുടങ്ങിയവരെ നിയമിച്ചത് അനധികൃതമായാണ്. ഇവരെ പുറത്താക്കണമെന്നുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. വ്യാജരേഖ നൽകി ജോലിക്കുകയറിയ കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകനെതിരേ കേസെടുക്കണമെന്ന ശിപാര്‍ശയും സര്‍ക്കാര്‍ തള്ളിയെന്ന് മുല്ലപ്പള്ളി പറഞ്ഞു.
മന്ത്രി കെ.ടി. ജലീല്‍ ബന്ധുവിന് നിയമനം തരപ്പെടുത്തി എന്ന ആരോപണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മന്ത്രി കെ.ടി. ജലീലിെൻറ ഫേസ്ബുക്ക് പോസ്റ്റും സംശയം ഉണര്‍ത്തുന്നതാണ്. 2016ല്‍ നടന്ന ഇൻറര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ യോഗ്യത ഉള്ളവര്‍ ഇല്ലാതിരുന്നതിനാല്‍ 2018ല്‍ ബന്ധുവിനെ നിര്‍ബന്ധപൂര്‍വം ക്ഷണിച്ചുവരുത്തി ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കുകയായിരുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി പറയുന്നത്. കുറ്റസമ്മതമായി ഇതിനെ കാണേണ്ടിവരും. അതിനാല്‍ ഇതിനെക്കുറിച്ചെല്ലാം വിശദ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.