'സാദിഖലി തങ്ങളുടെ കോലം കത്തിച്ചതിലൂടെ അജണ്ട കൂടുതൽ വ്യക്തം, പ്രകോപനമാണ് ലക്ഷ്യം, അതിൽ വീഴരുത്'; നമ്മുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും താൽപ്പര്യം ഈ നാടിന്റെ സമാധാനമാണെന്ന് പി.കെ.ഫിറോസ്
text_fieldsമലപ്പുറം: എസ്.എൻ.ഡി.പി പ്രവർത്തകർ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ച സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്.
പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമമെന്നും യൂത്ത് ലീഗ് പ്രവർത്തകർ അതിൽ വീഴരുതെന്നും പി.കെ.ഫിറോസ് മുന്നറിയിപ്പ് നൽകി.
ആദ്യം മലപ്പുറത്തിനെതിരെ വിദ്വേഷം പറയുകയും പിന്നീട് സാദിഖലി തങ്ങളുടെ കോലം കത്തിക്കുകയും ചെയ്യുന്നതിലൂടെ അജണ്ട കൂടുതൽ വ്യക്തമാകുകയാണെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
എരിവ് കയറ്റാനും എരി തീയിൽ എണ്ണയൊഴിക്കാനും ഫേസ്ബുക്കിൽ വികാര ജീവികളൊരുപാടുണ്ടാകും. അവരുടെ വാക്ക് കേട്ട് എടുത്ത് ചാടരുത്. നമ്മുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും താൽപ്പര്യം ഈ നാടിന്റെ സമാധാനവും സൗഹാർദ്ദമാണെന്ന് മറക്കരുതെന്നും പി.കെ.ഫിറോസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാലക്കാട് കൊല്ലങ്കോട് മുതലമടയിൽ സ്.എൻ.ഡി.പി പ്രവർത്തകർ സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ചത്.
മലപ്പുറം ജില്ലയെ കുറിച്ചുള്ള എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിന് പിന്നാലെ മുസ്ലിം ലീഗ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വെള്ളാപ്പള്ളിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് മുതലമടയിലെ എസ്.എൻ.ഡി.പിയുടെ പ്രതിഷേധം.
പി.കെ.ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"അജണ്ട കൂടുതൽ വ്യക്തമാകുകയാണ്. ആദ്യം മലപ്പുറത്തിനെതിരെ വിദ്വേഷം പറയുക. പിന്നെ സാദിഖലി തങ്ങളുടെ കോലം കത്തിക്കുക. പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കുക. അതു വഴി മറ്റു പലർക്കും ലാഭമുണ്ടാക്കിക്കൊടുക്കുക.
യൂത്ത് ലീഗ് പ്രവർത്തകരോടാണ്, എരിവ് കയറ്റാനും എരി തീയിൽ എണ്ണയൊഴിക്കാനും ഫേസ്ബുക്കിൽ വികാര ജീവികളൊരുപാടുണ്ടാകും. അവരുടെ വാക്ക് കേട്ട് എടുത്ത് ചാടരുത്. നിങ്ങളെ സംയമന പാർട്ടി എന്നും കഴിവു കെട്ടവരെന്നും അവരാക്ഷേപിക്കും. അവഗണിച്ചേക്കുക. നമ്മുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും താൽപ്പര്യം ഈ നാടിന്റെ സമാധാനമാണ്. സൗഹാർദ്ദമാണ്. മറക്കരുത്."

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.