Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.കെ. ജയലക്ഷ്മിയുടെ...

പി.കെ. ജയലക്ഷ്മിയുടെ തറവാട് റോഡ്: സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് റിപ്പോർട്ട്

text_fields
bookmark_border
pk jayalakshmi
cancel

കൊച്ചി: മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ തറവാട്ടിലെ റോഡ് നിർമിച്ചതിൽ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് അന്വേഷണ റിപ്പോർട്ട്. എം.എൽ.എമാരുടെ പ്രത്യേക വികസന നിധിയിൽ നിന്നും തുക അനുവദിച്ചു നടപ്പാക്കിയ പദ്ധതിയാണ് തവിഞ്ഞാൽ പഞ്ചായത്തിലെ വിവാദമായ കൊല്ലിയിൽ റോഡ് കോൺക്രീറ്റിങ്. ഇത് സംബന്ധിച്ച് ആരോപണമുയർന്നതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.

2015-16 വർഷത്തിലാണ് പദ്ധതി നടപ്പാക്കിയത്. മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ എം.എൽ.എ ഫണ്ടിൽ നിന്നാണ് നിർമാണത്തിന് തുക നൽകിയത്. എന്നാൽ, എം.എൽ.എയുടെ സ്വകാര്യ ആവശ്യത്തിന് മാത്രം ഉപകാരപ്പെടുന്ന തരത്തിൽ എസ്റ്റിമേറ്റിലും സൈറ്റ് പ്ലാനിലും മാറ്റം വരുത്തി പദ്ധതി നടപ്പാക്കിയെന്നാണ് പരിശോധനയിൽ കണ്ടെത്തൽ.

റോഡ് നിർമാണത്തിന് വയനാട് കലക്ടർ 2015 സെപ്റ്റംബർ 30നാണ് അനുമതി നൽകിയത്. തുടർന്ന് മാനന്തവാടി ബ്ലോക്ക് എക്സിക്യൂട്ടീവ് എൻജിനീയർ സാങ്കേതിക അനുമതിയും നൽകി. അതുപ്രകാരം കൊല്ലിയിൽ റോഡിലെ ചെയിനേജ് 300 മുതൽ 388 വരെയാണ് നിർമാണം നടത്തേണ്ടത്. അതിനാണ് ഭരണാനുമതിയും സാങ്കേതിക അനുമതിയും നൽകിയത്. എന്നാൽ, പരിശോധനയിൽ ആ സ്ഥലത്തല്ല കോൺക്രീറ്റ് ചെയ്തതെന്നാണ് തെളിഞ്ഞത്.

പി.കെ. ജയലക്ഷ്മിയുടെ തറവാട് വീടിന്‍റെ അടുക്കളമുറ്റം മുതൽ അതേ പറമ്പിൽ തന്നെ അവർ പുതുതായി നിർമിച്ച വീടിന്‍റെ മുറ്റം വരെ 91 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തു. ആദ്യം തയാറാക്കിയ സൈറ്റ് പ്ലാൻ മാറ്റി ബില്ലിനൊപ്പം പുതിയ സൈറ്റ് പ്ലാൻ സമർപ്പിക്കാൻ ശ്രമിച്ചതായും പരിശോധനയിൽ കണ്ടെത്തി. ഇതു സംബന്ധിച്ച വിശദീകരണത്തിൽ എസ്റ്റിമേറ്റിനോടൊപ്പം സമർപ്പിച്ച സ്കെച്ച് മാറിപ്പോയി എന്നാണ് എൻജിനീയറിങ് വിഭാഗം ആദ്യം നൽകിയ മറുപടി. എന്നാൽ, രണ്ടാമത് സമർപ്പിച്ച സ്കെച്ച് പ്രകാരവുമല്ല നിർമാണം നടത്തിയിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.

മാനന്തവാടി ബ്ലോക്കിലെ അസി. എൻജിനീയർ, ഓവർസിയർ എന്നിവരോട് കൃത്യമായ സ്കെച്ച് വരച്ച് നൽകാൻ പരിശോധനാ സംഘം ആവശ്യപ്പെട്ടു. അവർ വരച്ച് നൽകിയത് നേരത്തെ സമർപ്പിച്ച രണ്ട് സ്കെച്ചിൽനിന്നും വ്യത്യസ്തമാണ്. ചുരുക്കത്തിൽ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച നിർമാണം നടത്താതെ ജയലക്ഷ്മിയുടെ തറവാട്ടു വീട്ടിൽ നിന്നും പുതിയ വീടിന്‍റെ മുറ്റത്തു കൂടി പുതിയ വഴിയിലാണ് നിർമാണം നടത്തിയത്. കുടുംബവീട് സ്ഥിതിചെയ്യുന്ന പറമ്പിലൂടെ അവർ പുതുതായി നിർമിച്ച വീട്ടിലേക്ക് റോഡ് നിർമിച്ചത് പൊതുജനങ്ങൾക്ക് യാതൊരു തരത്തിലും പ്രയോജനമില്ല.

പൊതുപണം ഉപയോഗിച്ച് സ്വകാര്യ വ്യക്തിയുടെ, അതും ഒരു സംസ്ഥാന മന്ത്രിയായിരുന്ന വ്യക്തിയുടെ വീട്ടിലേക്കുള്ള സ്വകാര്യ റോഡ് നിർമിക്കുന്നതിന് കൂട്ടുനിൽക്കുകയും അതിനെ സാധൂകരിക്കുന്നതിന് സൈറ്റ് പ്ലാൻ മാറ്റി സർക്കാരിനെ കബളിപ്പിക്കാനും ശ്രമിച്ച ഉദ്യോഗസ്ഥർ ഈ വീഴ്ചകളെ ന്യായീകരിക്കുകയാണ്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ ഓവർസിയർ പി.ടി. തോമസ്, അസി. എൻജിനീയർ കെ.പി. കുഞ്ഞമ്മദ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ റോയ് ഐസക്ക് എന്നിവരാണ് ഇത് ചെയ്തത്. ഈ ഉദ്യോഗസ്ഥരുടെ പ്രവൃത്തി തികഞ്ഞ ചട്ടലംഘനമാണ്. സർക്കാർ ചട്ടങ്ങളും മാർഗനിർദേശങ്ങളും മറികടന്ന് സർക്കാർ പണം ദുരുപയോഗം ചെയ്യുന്നതിന് വഴിവെട്ടിയ ഇവർക്കെതിരെ കർക്കശമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

സ്വകാര്യ ആവശ്യത്തിന് മാത്രമായി 'കൊല്ലിയിൽ റോഡ് കോൺക്രീറ്റ്' എന്ന പേരിൽ തുക അനുവദിക്കാൻ നിർവാഹമില്ല. പരിശോധനയിൽ ഇതിലെ ബിൽ തുക അനുവദിച്ചിട്ടുണ്ടെങ്കിൽ ആ തുക അനുവദിച്ച തീയതി മുതൽ 18 ശതമാനം പലിശ സഹിതം ഈ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണം. എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം നടത്തിയതെന്ന് കാണിക്കാൻ വിശദാംശങ്ങളടങ്ങിയ ബോർഡ് സ്ഥലത്ത് സ്ഥാപിക്കാത്ത പക്ഷം അത്തരം പ്രവൃത്തികളുടെ മുഴുവൻ തുകയും ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥരുടെ ബാധ്യതയായി കണക്കാക്കുന്നതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk jayalakshmi
News Summary - P.K. Jayalakshmi's Tharavad Road: Report that government funds have been misused
Next Story