Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഭേദഗതികൾ അനിവാര്യം';...

'ഭേദഗതികൾ അനിവാര്യം'; ഭരണഘടനയെ ഭാരതീയവൽക്കരിക്കണമെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്

text_fields
bookmark_border
pk krishnadas
cancel
Listen to this Article

കോഴിക്കോട്: ഭരണഘടനയെ ഭാരതീയവൽക്കരിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. വികലമായ മതേതര സങ്കൽപമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. പാശ്ചാത്യ സങ്കൽപമായ സോഷ്യലിസം ഇന്ത്യയ്ക്ക് യോജിച്ചതല്ല. ഭരണഘടനയുടെ അടിസ്ഥാനപരമായ ഒട്ടനവധി കാര്യങ്ങൾ ഭേദഗതികൾ വരുത്തണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഭരണഘടനയെ തള്ളിപ്പറഞ്ഞുള്ള മുൻ മന്ത്രി സജി ചെറിയാന്‍റെ പ്രസംഗം വിവാദമാകുകയും രാജിയിലേക്ക് നയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതാവും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

സജി ചെറിയാൻ പറഞ്ഞതും ഗോൾവാൾക്കാർ വിചാരധാരയിൽ പറഞ്ഞതും തമ്മിൽ അടിസ്ഥാന വ്യത്യാസമുണ്ടെന്ന് കൃഷ്ണദാസ് പറഞ്ഞു. സജി ചെറിയാൻ ഭരണഘടനയുടെ അസ്തിത്വത്തെ തന്നെ നിരാകരിക്കുന്നു. എന്നാൽ, ഗോൾവാൾക്കർ ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ല. അത് ബ്രിട്ടീഷുകാർ നിർമിച്ചതാണെന്ന് പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ഭരണഘടനാ ശിൽപികളോട് അത്യന്തം ബഹുമാനവും പങ്കുവച്ചിട്ടുണ്ട്.

ഭരണഘടനയുടെ ഉള്ളടക്കത്തിൽ ധാരാളം കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ആവശ്യമുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ഭരണഘടന ഭാരതീയവൽക്കരിക്കണമെന്നും വൈദേശികമായ സങ്കൽപങ്ങൾ കടന്നുകൂടിയിട്ടുണ്ടെന്നും അടുത്തിടെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ഗോൾവാൾക്കർ പറഞ്ഞതും അതുതന്നെ. കശ്മീരിനുള്ള പദവി എടുത്തുമാറ്റിയത് ഗോൾവാൾക്കറുടെ കൂടി ആശയഗതിയനുസരിച്ചാണ്. വിചാരധാര പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലയ്ക്കുള്ള ഭേദഗതികൾ ഇനിയും പ്രതീക്ഷിക്കാം.

വികലമായ മതേതര സങ്കൽപമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. സർക്കാർ മതകാര്യങ്ങളിലോ മതങ്ങൾ സർക്കാർ കാര്യങ്ങളിലോ ഇടപെടാൻ പാടില്ല എന്നതാണ് യഥാർഥ മതേതരത്വം. എന്നാൽ ഇന്ത്യയിൽ നിലവിൽ ഭരണകൂടങ്ങൾ മതകാര്യങ്ങളിൽ ഇടപെടുകയും മതാധിഷ്ഠിതമായി സംവരണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഇതുമാറണം. സിവിൽ നിയമങ്ങളിൽ മതപരമായ നിയമങ്ങൾ അനുവദിക്കുന്നതും മതേതരവിരുദ്ധമാണ്. ഏക സിവിൽ കോഡാണ് മതേതരത്വം.

ഇന്ത്യ എന്നാൽ യൂണിയൻ സ്റ്റേറ്റ് എന്ന ഭരണഘടനയുടെ പ്രഖ്യാപനം തെറ്റാണ്. സ്റ്റേറ്റുകളുടെ യൂണിയനല്ല ഇന്ത്യ മറിച്ച് ആസേതുഹിമാചലം ഒറ്റരാഷ്ട്രമാണ്. വൈവിധ്യമാർന്ന സംസ്കാരങ്ങളെ മുത്തുകൾ കോർത്തെടുത്ത മാലപോലെ കോർത്തെടുത്ത ഏകരാഷ്ട്രം.

പാശ്ചാത്യ സങ്കൽപമായ സോഷ്യലിസം ഇന്ത്യയ്ക്ക് യോജിച്ചതല്ല. മഹാത്മജി വിഭാവനം ചെയ്ത സർവ്വോദയയും ദീൻദയാൽജി വിഭാവനം ചെയ്ത അന്ത്യോദയയുമാണ് നമ്മുടെ സാമൂഹ്യനീതി സങ്കൽപം. ഇത്തരത്തിൽ അടിസ്ഥാനപരമായ ഒട്ടനവധി കാര്യങ്ങൾ ഭേദഗതികൾ വരുത്തണം. പക്ഷെ ഒറ്റയടിക്കല്ല, ജനങ്ങളിൽ നിന്ന് ആവശ്യം ഉയരുന്നതിനനുസരിച്ച് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ മാറ്റം വരുത്താതെയുള്ള കാലാനുസൃതമായി ഭേദഗതികൾ അനിവാര്യമാണ് -പി.കെ. കൃഷ്ണദാസ് പറഞ്ഞു.

വിചാരധാര മുഴുവൻ വായിച്ച വി.ഡി. സതീശന് ആർ.എസ്.എസ് സ്ഥാപിച്ചത് ഡോ. കേശവ ബൽറാം ഹെഡ്ഗേവാർ ആണെന്ന് ഇനിയും മനസിലായിട്ടില്ല. ഇന്നും പറയുന്നത് ഗോൾവാൾക്കറാണെന്നാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian constitutionpk krishnadas
News Summary - PK krishnadas controversial fb post on indian constitution
Next Story