തീരത്തിന്റെ കണ്ണീരൊപ്പിയത് സർക്കാരാണെന്ന് സജി ചെറിയാൻ പറയുന്നു, സത്യത്തിൽ സജി ചെറിയാന്റെ കണ്ണീരൊപ്പിയത് തീരമാണ് -കുഞ്ഞാലിക്കുട്ടി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ മുൻ മന്ത്രി സജി ചെറിയാന്റെ പരാമർശത്തിനെതിരെ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. നിയമസഭയിലാണ് മുൻ മന്ത്രിയുടെ പരാമർശത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. സംസ്ഥാനത്തെ തീരത്തിന്റെ കണ്ണീരൊപ്പിയത് ഇടതുപക്ഷ സർക്കാറാണെന്ന് സജി ചെറിയാൻ പ്രസംഗിച്ചിരുന്നു. ഇതിന് മറുപടിയായാണ് സത്യം പറഞ്ഞാൽ സജി ചെറിയാന്റെ കണ്ണീരൊപ്പിയത് തീരമാണ് എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
പ്രളയകാലത്ത് ഏറ്റവും കൂടുതൽ വെള്ളം കയറിയ തന്റെ മണ്ഡലമായ ചെങ്ങന്നൂരിൽ ആരും രക്ഷക്കെത്തുന്നില്ല എന്ന് പറഞ്ഞ് സജി ചെറിയാൻ എം.എൽ.എ സമൂഹമാധ്യമങ്ങളിലൂടെ കരഞ്ഞിരുന്നു. ഇതിനുശേഷമാണ് കടൽതൊഴിലാളികൾ തങ്ങളുടെ വള്ളങ്ങളുമായി ചെങ്ങന്നൂർ അടക്കമുള്ള പ്രദേശങ്ങളിൽ രക്ഷക്കെത്തിയത്. ഇത് അനുസ്മരിച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കടൽ കയറ്റവും തൊഴിൽ നഷ്ടവും കൊണ്ട് പൊറുതിമുട്ടിയ സമൂഹമാണ് തീരദേശത്തുള്ളത്. അവരുടെ പ്രശ്‌നം പരിഹരിക്കണം. അവരുടെ കണ്ണീരൊപ്പണം. തീരത്തിന്റെ കണ്ണീരൊപ്പിയത് സർക്കാരാണെന്ന് സജി ചെറിയാൻ പറഞ്ഞു.
സത്യത്തിൽ സജി ചെറിയാൻ കരഞ്ഞപ്പോൾ കണ്ണീരൊപ്പിയത് തീരമാണ്. സർക്കാർ അവരുടെ കണ്ണീരൊപ്പിയിട്ടില്ല. അവരവിടെ ഗോഡൗണിലാണ് കിടക്കുന്നത്. അതുപോലെ പാക്കേജ് മോശമാണെന്ന പരാതിയുണ്ട്. അതാണ് അവർ നിലവിട്ട് പെരുമാറുന്നത്. അതിനെന്താണ് വഴിയെന്ന് നോക്കണം. നമുക്ക് ബജറ്റില്ലെങ്കിൽ കേന്ദ്രത്തിൽ അതിനുവേണ്ടി നീങ്ങണം.
ഇത് വലിയൊരു അന്താരാഷ്ട്ര തുറമുഖമല്ലേ. ഇത്തരമൊരു തുറമുഖം ഇന്ത്യക്ക് തന്നെയില്ല. എന്നിട്ടല്ലേ കേരളത്തിന്. അപ്പോൾ അതുകൊണ്ടുതന്നെ കേന്ദ്രം കുറച്ച് ഫണ്ട് തരണം. എന്നാലും മറ്റ് പദ്ധതികൾക്ക് കൊടുത്തതുപോലെ ഇവിടെയും മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകി അവരെ നേരാംവണ്ണം പുനരധിവസിപ്പിച്ച് ഈ പ്രശ്‌നം പരിഹരിക്കണം. തുറമുഖം വേണമെന്ന നിലപാടാണ് പ്രതിപക്ഷം എടുത്തിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.