വെളിപ്പെടുത്തലുകളുടെ പിന്നാലെ പോയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി; 'സ്വർണക്കടത്തിലെ നിജസ്ഥിതി ജനങ്ങൾ അറിയണം, നിഷ്പക്ഷ അന്വേഷണം വേണം'
text_fieldsപത്തനംതിട്ട: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകുകയല്ല തങ്ങൾ ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. എന്നാൽ, അതിൽ വന്നിട്ടുള്ള വിഷയങ്ങളുടെ നിജസ്ഥിതി കേരള ജനത അറിയണം. അതിനെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണമാണ് വേണ്ടത്. ഇടതുപക്ഷം പോയത് പോലെ വെളിപ്പെടുത്തലുകളുടെ പിന്നാലെ തങ്ങൾ പോയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നീതിപൂർവവും നിഷ്പക്ഷവുമായ അന്വേഷണമാണ് വിഷയത്തിൽ വേണ്ടത്. അതിനാവശ്യമായ ഭാവിപരിപാടികൾ യു.ഡി.എഫ് ആവിഷ്കരിച്ച് നടപ്പാക്കും. അതിന്‍റെ കൂടെ മുസ്ലിം ലീഗുമുണ്ടാകും -കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രക്ഷോഭങ്ങളിൽ മുസ്ലിം ലീഗ് സജീവമല്ലെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അത്തരം ആരോപണങ്ങൾ ശരിയല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ. സലാം പറഞ്ഞു. കഴിഞ്ഞ ദിവസം എല്ലാ മണ്ഡലങ്ങളിലും ലീഗ് ജാഥകളും പ്രതിഷേധങ്ങളും നടത്തി. യൂത്ത് ലീഗും പ്രക്ഷോഭങ്ങളിൽ സജീവമാണ്. അതിന്‍റെ പേരിൽ പലയിടത്തും ലീഗ് ഓഫിസുകൾക്ക് നേരെ ആക്രമണം നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.