കുപ്പായം മാറും പോലെ മുന്നണി മാറുന്ന പാർട്ടിയല്ല ലീഗെന്ന് കുഞ്ഞാലിക്കുട്ടി; ലീഗ് എല്ലാവർക്കും അക്കരപ്പച്ചയെന്ന് സാദിഖലി തങ്ങൾ
text_fieldsകോഴിക്കോട്: ലീഗ് എല്ലാവർക്കും അക്കരപ്പച്ചയാണെന്നും യു.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ലീഗിന്‍റെ ഉത്തരവാദിത്തമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
കുപ്പായം മാറുന്ന പോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്‍ലിം ലീഗെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിന്‍റെ നട്ടെല്ലാണ് ലീഗ്. ഇ.പി. ജയരാജന്‍റെ പ്രസ്താവനയിൽ സി.പി.എമ്മിനാണ് ആശയക്കുഴപ്പം. യു.ഡി.എഫിനോ ലീഗിനോ ഇക്കാര്യത്തിൽ അവ്യക്തത ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്തിനാണ് ഇക്കാര്യം ചർച്ച ചെയ്യുന്നതെന്നും അങ്ങനെയൊരു പ്രശ്നം തന്നെ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചത് എൽ.ഡി.എഫിന്‍റെ കാപട്യമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. എൽ.ഡി.എഫ് സഖ്യം ചിന്തയിൽ തന്നെ ഇല്ലെന്നും ചിന്തിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി കപട രാഷ്ട്രീയത്തിന്‍റെ മുഖമാണ്. യാതൊരു സാഹചര്യത്തിലുമായും അവരുമായി ചർച്ചയുടെ പ്രശ്നം ഉദിക്കുന്നില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, മുസ്‍ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുകയും മണിക്കൂറുകൾക്കകം തിരുത്തുകയും ചെയ്തിരുന്നു എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ലീഗിനെ മുന്നണിയിൽ ക്ഷണിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നതായും പി.കെ. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപവത്കരണത്തിലെ കിങ്മേക്കർ ആണെന്നുമാണ് വ്യാഴാഴ്ച രാവിലെ ഇ.പി തളിപ്പറമ്പിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. എന്നാൽ, ഉച്ചക്ക് കണ്ണൂർ പ്രസ് ക്ലബിൽ നടന്ന മുഖാമുഖത്തിൽ അദ്ദേഹം മലക്കം മറിഞ്ഞു. ലീഗിനെ ആരും മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ലീഗ് മതേതര പാർട്ടിയാണോയെന്ന കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനിടെ, ഇ.പി. ജയരാജൻ നടത്തിയ പ്രസ്താവന സി.പി.എം സെക്രട്ടേറിയറ്റ് തള്ളിയിരുന്നു. ഇ.പിയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും പ്രസ്താവനകളിൽ ജാഗ്രത കാട്ടണമെന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.